മികവോടെ മാങ്ങാട്ടിടം കുടുംബാരോഗ്യകേന്ദ്രം

Share our post

കൂത്തുപറമ്പ്‌: കൂടുതൽ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്ന്‌ മാങ്ങാട്ടിടം പ്രാഥമികാരോഗ്യകേന്ദ്രം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കിയത്.

പഴയ കെട്ടിടത്തോട് ചേർന്ന്‌ ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടത്തിൽ ലാബ്, ഫാർമസി, നിരീക്ഷണ മുറി എന്നിവ ഒരുക്കി. പുതിയ തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക്‌ പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയും ലഭിച്ചു.

സായാഹ്ന ഒ.പി, വയോജനങ്ങൾക്ക്‌ പ്രത്യേക ഒ.പി എന്നിവ ഏർപ്പെടുത്തി. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. നിലവിൽ മൂന്ന് ഡോക്ടർമാരുണ്ട്‌. സംസ്ഥാന സർക്കാർ രണ്ട് പേരെയും പഞ്ചായത്ത് ഒരാളെയും നിയമിച്ചു. ദിവസേന ശരാശരി 150 രോഗികൾ ചികിത്സ തേടിയെത്തുന്നു.

ചികിത്സയ്ക്കായി എത്തുന്ന മുഴുവൻ പേരുടെയും ബി.പി പരിശോധിക്കാനുള്ള സംവിധാനമുണ്ട്‌. രണ്ട് ഫാർമസിസ്റ്റുകളുടെ സേവനവുമുണ്ട്‌. പകൽ രണ്ട് മുതൽ ആറ് വരെയാണ് സായാഹ്ന ഒ.പി. 23 ആശാ വർക്കർമാർ കേന്ദ്രത്തിന്റെ ഭാഗമായുണ്ട്. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ഫീൽഡ് വിസിറ്റ്, കിടപ്പിലായ രോഗികളെ പരിചരിക്കാൻ പാലിയേറ്റിവ് സംവിധാനം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആയിത്തറ, കണ്ടേരി, മെരുവമ്പായി, ശങ്കരനെല്ലൂർ, വട്ടിപ്രം എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്.

ഇവയുടെ കീഴിൽ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ ജീവിതശൈലി രോഗ നിയന്ത്രണ ബോധവത്കരണവും പ്രഷർ, ഷുഗർ പരിശോധനകളും ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ലിനിക്കും പ്രവർത്തിക്കുന്നു. ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് നവീകരിക്കാൻ എം.എൽ.എ, പഞ്ചായത്ത്, എൻ.എച്ച്എം എന്നിവ ചേർന്ന് ഫണ്ട് വാകയിരുത്തിയിട്ടുണ്ട്. മാസ്റ്റർ പ്ലാനും തയ്യാറായി. ഡോ. സന്ധ്യയാണ് മെഡിക്കൽ ഓഫീസർ.

മികച്ച സേവനം

ദിവസേന 150 ഓളം രോഗികൾ ആശുപത്രിയിൽ ഇവിടെ ചികിത്സ തേടിയെത്തുന്നു.
മികച്ച ചികിത്സ നൽകുന്നതിനോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. മികച്ച സേവനം നൽകാൻ സംസ്ഥാന സർക്കാരും പഞ്ചായത്തും നല്ല പിന്തുണ നൽകുന്നു. പുതിയ കെട്ടിടം വരുന്നതോടെ സേവനം കൂടുതൽ നൽകാനാവും.
ഡി. കെ മനോജ്
എച്ച്,ഐ മാങ്ങാട്ടിടം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!