നത്തിങ് ഫോണിന്‍റെ ഡിസൈന്‍ അനുകരിച്ച് ഇന്‍ഫിനിക്സിന്‍റെ പുതിയ ഫോൺ, പ്രതികരിച്ച് നത്തിങ് മേധാവി

നത്തിങ് ഫോണ്‍ 2 ന് സമാനമായ ഫീച്ചറുകളുമായി ഇന്‍ഫിനിക്‌സ് പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുകയാണെന്നാണ് വിവരം. ട്രാന്‍സ്പാരന്റ് ബാക്ക് ഡിസൈനും ബാക്ക് പാനലിലെ എല്‍ഇഡി സ്ട്രിപ്പുകളുമെല്ലാം ഉള്‍പ്പടെ അനുകരിച്ചാണ് ഇന്‍ഫിനിക്‌സിന്റെ പുതിയ ഫോണ്‍. ഇതിന്റെ ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്‍ഫിനിക്‌സ് ജിടി10 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഓഗസ്റ്റ് ആറിന് ഇന്ത്യയിന്‍ അവതകിരിപ്പിക്കുമെന്നാണ് ജിഎസ്എം അരിന റിപ്പോര്‍ട്ട് ചെയ്യുന്നത്. നത്തിങ് ഫോണുകള്‍ക്ക് സമാനമായ സെമി ട്രാന്‍സ്പാരന്റ് ബാക്ക് ആണ് ഈ ഫോണിനും. എന്നാല്‍. ഫോണിന്റെ കളര്‍ കോമ്പിനേഷനിലും ക്യാമറയുടെ ക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. നത്തിങ് ഫോണില്‍ നിന്ന് ഇന്‍ഫിനിക്‌സ് ജിടി 10 പ്രോയെ വ്യത്യസ്തമാക്കുന്നത് ഈ മാറ്റങ്ങളാണ്. നീല വെള്ള നിറങ്ങളിലാണ് ഫോണ്‍ ഒരുക്കിയിട്ടുള്ളത്. നീല വേരിയന്റില്‍ ഓറഞ്ച് നിറങ്ങളും ഡിസൈനില്‍ ഉപയോഗിച്ചിട്ടുണ്ട്.
ചതുരത്തിലുള്ള ക്യാമറ മോഡ്യൂളില്‍ നാല് റിയര്‍ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. എല്‍ഇഡി ഫ്‌ലാഷുണ്ട്. നത്തിങിലെ ഗ്ലിഫ് ഇന്റര്‍ ഫെയ്‌സിന് സമാനമായ എല്‍ഇഡി സ്ട്രിപ്പ് ക്രമീകരണവും മറ്റൊരു രീതിയില്‍ ഇതിലുണ്ട്.
108 എംപി ക്യാമറയായിരിക്കും ഇതിലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മീഡിയാ ടെക്ക് പ്രൊസസറായിരിക്കുമെന്നും ഗെയിമിങിനും പെര്‍ഫോമന്‍സിനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഫോണ്‍ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം ഇന്‍ഫിനിക്‌സിന്റെ പുതിയ ഫോണുമായി ബന്ധപ്പെട്ട മുകുള്‍ ശര്‍മ ടെക്ക് വിദഗ്ദന്റെ ട്വീറ്റിന് കീഴില്‍ ‘അഭിഭാഷകരെ തയ്യാറായിക്കൊള്ളൂ’ എന്ന് നത്തിങ് മേധാവി കാള്‍ പേയ് കമന്റ് ചെയ്തു.
ഇന്‍ഫിനിക്‌സ് ഫോണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനമാണ് കമന്റ്. ഇതില്‍ ഗ്ലിഫ് ഇന്റര്‍ഫേസിന് പേറ്റന്റ് ഉണ്ടോ എന്ന മറ്റൊരാളുടെ ചോദ്യത്തിന് തങ്ങളുടെ കണ്ടുപിടുത്തങ്ങളെല്ലാം തങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ടെന്ന് കാള്‍ പേയ് മറുപടി നല്‍കി. നത്തിങ് ഫോണിലെ നോട്ടിഫിക്കേഷനുകളുമായി ബന്ധിപ്പിച്ച് ക്രമീകരിക്കാവുന്നവയാണ് ഫോണിലെ ഗ്ലിഫ് ഇന്റര്‍ഫേയ്‌സ്.