എക്സൈസ് സൈബർസെല്ലിന് ധനസഹായം

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെയുള്ള മദ്യ,ലഹരിമരുന്ന് കൈമാറ്റം വ്യാപകമാവുന്ന സാഹചര്യത്തിൽ എക്സൈസ് സൈബർസെൽ പ്രവർത്തനം വിപുലമാക്കാൻ തീരുമാനം.
സൈബർസെൽ നവീകരണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി നികുതി വകുപ്പ് ഉത്തരവിറക്കി. വ്യാജമദ്യ,ലഹരി കടത്ത് കേസുകളുമായി ബന്ധപ്പെട്ടു പിടിച്ചെടുക്കുന്ന മൊബൈൽ ഫോണുകളിലെ കാളുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് പ്രധാനം.
എക്സൈസ് ആസ്ഥാനത്ത് ഇതിന് മാത്രമായുള്ള യൂണിറ്റുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേകപരിശീലനം നൽകിയിട്ടുള്ള രണ്ട് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണുള്ളത്.
സെല്ലിന് പുതിയ ഉപകരണങ്ങൾ വാങ്ങാനും ഉദ്യോഗസ്ഥർക്ക് വിദഗ്ദ്ധ പരിശീലനം നൽകാനുമാണ് തുക വിനിയോഗിക്കുക.