തട്ടിപ്പിനും നിര്‍മിതബുദ്ധി; പണം തിരിച്ചുപിടിച്ച് സൈബര്‍ പൊലീസ്

തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ സഹായത്തിൽ വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിച്ച് കേരള പൊലീസിന്റെ സൈബർ വിഭാഗം.
കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളിൽ കണ്ടത്. മാത്രമല്ല, പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബായിൽ ആണെന്നും ബന്ധുവിന്റെ ചികിത്സയ്‌ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
രൂപ കൈക്കലാക്കിയശേഷം വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിൽ സംശയം തോന്നിയത്. ഇതോടെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്. തുടർന്ന് രാധാകൃ-ഷ്ണൻ സൈബർ ഹെൽപ്പ്‌ലൈൻ നമ്പറായ 1930ൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം നഷ്ടപ്പെട്ട മുഴുവൻ തുകയും തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് നടത്തുന്നത്.
വിളിക്കാം 1930ൽ
പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിന് അഭ്യർഥന നടത്തിയാൽ തീർച്ചയായും ഒഴിവാക്കണമെന്ന് സൈബർ ഓപ്പറേഷൻ വിഭാഗം അറിയിച്ചു. വ്യാജ കോളുകൾ ലഭിച്ചാൽ ഉടൻ ആ വിവരം കേരള സൈബർ ഹെൽപ്പ്‌ലൈൻ നമ്പരിലൂടെ അറിയിക്കണം. 24 മണിക്കൂറും ഹൈൽപ്പ്‌ലൈനിൽ സേവനം ലഭ്യമാണ്.