പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ

അടൂർ : പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. പെൺകുട്ടിയുടെ കാമുകൻ അടൂർ നെല്ലിമുകളിൽ താമസിക്കുന്ന കൊല്ലം പട്ടാഴി സ്വദേശി സുമേഷ്(19), ആലപ്പുഴ നൂറനാട് സ്വദേശികളായ ശക്തി(18), ശക്തിയുടെ സുഹൃത്തുക്കളായ അനൂപ്(22), അഭിജിത്ത്(20), അരവിന്ദ്(22) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ നാലു കേസുകൾ രജിസ്റ്റർ ചെയ്തു.
അടൂർ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിങ്ങിലാണ് വിവരം പുറത്തറിഞ്ഞത്. ഇവരാണ് പൊലീസിൽ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയിൽ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി ബോധ്യപ്പെട്ടു. അടൂർ ഡി.വൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതികൾ പരസ്പരം അറിയാവുന്നവരായതിനാൽ രക്ഷപ്പെടാനുള്ള അവസരം നൽകാതെ രഹസ്യമായി ദിവസങ്ങളോളം നിരീക്ഷിച്ചായിരുന്നു അറസ്റ്റ്.