‘സർപ്പ’ സൂപ്പർ പിടിയിലായത്‌ 2000 പാമ്പുകൾ

Share our post

കണ്ണൂർ: ‘സർപ്പ’ ആപ്പ്‌ വന്നശേഷം ജില്ലയിൽ പാമ്പുകളെ കൊല്ലുന്നതും ദ്രോഹിക്കുന്നതും ഗണ്യമായി കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘സർപ്പ’ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷം ജില്ലയിൽനിന്ന്‌ പിടികൂടിയത്‌ രണ്ടായിരത്തിലേറെ പാമ്പുകളെ. 2021 ജനുവരിയിൽ തുടങ്ങിയ ആപ്പിൽ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളുമുണ്ട്‌.

പാമ്പുപിടുത്തത്തിൽ ലൈസൻസുള്ള 33 വളന്റിയർമാരാണ്‌ ‘സർപ്പ’യിലൂടെ ജനങ്ങളുടെ ഭീതിയകറ്റുന്നത്‌. പാമ്പുപിടിച്ച്‌ പരിചയമുള്ളവർക്ക്‌ വനം വകുപ്പാണ്‌ ലൈസൻസ്‌ നൽകുന്നത്‌.
വർഷകാലത്താണ് ‌പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ കൂടുതലായെത്തുന്നത്‌. മാളങ്ങളിൽ വെള്ളം കയറുന്നതിനാലും പ്രജനനകാലമായതിനാലുമാണ്‌ ഈർപ്പം കുറഞ്ഞ സ്ഥലങ്ങളിൽ ചേക്കേറുന്നത്‌.

വിഷപ്പാമ്പുകളെ പിടിച്ചാൽ വനംവകുപ്പിന്‌ കൈമാറും. വിഷമില്ലാത്തവയെ ആവാസ കേന്ദ്രങ്ങളിൽ തുറന്നു‌വിടും. വളന്റിയർമാർ ബോധവൽക്കരണം നടത്തുന്നതിനാൽ വിഷമില്ലാത്ത പാമ്പുകളെ കണ്ടാൽ ആളുകൾ വിളിക്കുന്നത്‌ കുറഞ്ഞിട്ടുണ്ടെന്ന്‌ കണ്ണൂർ ഡിവിഷനിലെ സ്‌നേക്ക്‌ റസ്‌ക്യൂ കോ ഓഡിനേറ്റർ സുനിൽകുമാർ ചെന്നപ്പൊയിൽ പറഞ്ഞു. പാമ്പുകടിയേറ്റാലുടൻ പ്രവേശിപ്പിക്കേണ്ട ആശുപത്രികളുടെ വിവരവും ആപ്പിലുണ്ട്‌.

ജനവാസ മേഖലയിൽ പാമ്പിനെ കണ്ടാൽ ആപ്പിലും റിപ്പോർട്ട്‌ ചെയ്യാം. അരമണിക്കൂറിനകം മറുപടി ലഭിക്കും.
കേരളത്തിൽ നൂറിനം പാമ്പുകളാണ് കണ്ടുവരുന്നത്. ഇതിൽ പത്തിനത്തിനേ മനുഷ്യനെ കൊല്ലാനുള്ള വിഷമുള്ളൂ. അഞ്ചിനം കടൽപ്പാമ്പുകളാണ്. അണലി, മൂർഖൻ, ശംഖുവരയൻ, ചുരുട്ട, മണ്ഡലി എന്നിവയാണ്‌ കൂടുതലുള്ള വിഷപ്പാമ്പുകൾ. മാരക വിഷമുള്ള രാജവെമ്പാലയെയും കണ്ടുവരുന്നു.

മൂർഖൻ പാമ്പ്‌ പകൽ സമയത്താണ്‌ ഇര തേടുന്നത്‌. മണ്ഡലി, അണലി, ശംഖുവരയൻ എന്നിവ രാത്രിയിലും. അതിനാൽ കൂടുതൽ പേർക്കും ഈ പാമ്പുകളിൽനിന്നാണ്‌ കടിയേൽക്കുന്നത്‌.ലൈസൻസില്ലാത്തവർ പാമ്പുപിടിക്കുന്നത്‌ കുറ്റകരം പാമ്പുപിടിത്തം ഹോബിയാക്കുന്നതും സുരക്ഷപാലിക്കാത്തതും ഗുരുതര കുറ്റമാണ്‌. ആദ്യം കരുതൽ നൽകേണ്ടത്‌ സ്വന്തം സുരക്ഷയ്‌ക്കാണ്‌.

പാമ്പിന്‌ പരിക്കേൽക്കാതിരിക്കാനും കൂടിനിൽക്കുന്നവർക്ക്‌ കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണം. 1972ലെ വന്യജീവി നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ നിർദേശത്തിലും ‘സർപ്പ’ ആപ്പിലും കൈകൊണ്ട്‌ പാമ്പിനെ പിടിക്കാൻ പാടില്ലെന്ന നിർദേശമുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!