ഡീപ്‌ ഫെയ്‌ക്‌ ടെക്‌നോളജി: തട്ടിപ്പിനും നിർമിത ബുദ്ധി; ജാഗ്രത വേണമെന്ന്‌ പൊലീസ്‌

Share our post

കോഴിക്കോട്‌ : ഒരു സുഹൃത്ത്‌ വാട്‌സാപ്പ്‌ കോളിൽവന്ന്‌ സാമ്പത്തിക സഹായം ചോദിച്ചാൽ കുരുതിയിരിക്കുക. അവർ നിങ്ങളുടെ സുഹൃത്താകണം എന്നില്ല. നിർമിത ബുദ്ധിയിലൂടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) സുഹൃത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പ്‌ സംഘമാകാം. കഴിഞ്ഞ ദിവസം കോഴിക്കോട്‌ കോൾ ഇന്ത്യ ലിമിറ്റഡിൽനിന്നും വിരമിച്ച പാലാഴി സ്വദേശിയാണ്‌ ഹൈടെക്‌ തട്ടിപ്പിന്‌ ഇരയായത്‌. 40,000 രൂപയാണ്‌ നഷ്ടമായത്‌. ഈ രീതിയിൽ രാജ്യത്ത്‌ നടക്കുന്ന ആദ്യ തട്ടിപ്പാണ്‌ ഇതെന്നാണ്‌ സൈബർ പൊലീസ്‌ നൽകുന്ന സൂചന.

പരിചിതമല്ലാത്ത നമ്പറിൽനിന്നും നിരവധി തവണ ഇദ്ദേഹത്തിന് ഫോൺകോൾ വന്നു. ഫോൺ എടുക്കാത്തതിനാൽ വാട്സാപ്പ്‌ സന്ദേശം വന്നു. പണ്ട്‌ ഒപ്പം ജോലിചെയ്‌തിരുന്ന ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണ്‌ പറഞ്ഞത്‌. മെസേജ്‌ വായിക്കുന്നതിനിടയിൽ അതേ നമ്പറിൽ വാട്‌സാപ്പ്‌ കോൾ വന്നു. സുഖവിവരം അന്വേഷിച്ച്‌ സുഹൃത്താണെന്ന പ്രതീതിയുണ്ടാക്കി സാമ്പത്തിക സഹായം ചോദിച്ചു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മുംബൈയിൽ ആശുപത്രിയിലുള്ള സുഹൃത്തിന്‌ അത്യാവശ്യമായി 40,000 രൂപ വേണമെന്നായിരുന്നു അഭ്യർഥന. താനിപ്പോൾ ദുബായിലാണെന്നും അടുത്ത വിമാനത്തിൽ മുംബൈയിലേക്ക്‌ പോകുമെന്നും ആശുപത്രിയിലുള്ള തന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക്‌ പണം കൈമാറാനും ആവശ്യപ്പെട്ടു. പാലാഴി സ്വദേശിയുടെ സംശയം തീർക്കാൻ വീഡിയോ സന്ദേശം അയച്ചു. ഇതോടെ 40,000 രൂപ അയച്ചു. വീണ്ടും 35,000 രൂപകൂടി ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി ആന്ധ്ര സ്വദേശിയായ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴാണ്‌ തട്ടിപ്പാണെന്ന്‌ മനസ്സിലായത്‌. പരാതിയിൽ സൈബർ പൊലീസ്‌ അന്വേഷണം തുടങ്ങി.

ഡീപ്‌ ഫെയ്‌ക്‌ ടെക്‌നോളജി ഉപയോഗിച്ചാകാം തട്ടിപ്പ്‌ നടത്തിയതെന്നാണ്‌ സൈബർ പൊലീസ്‌ പറയുന്നത്‌. വാട്‌സാപ്പിലും ഇൻസ്‌റ്റഗ്രാമിലുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ചശേഷമാകാം ആസൂത്രണം ചെയ്‌തത്‌. കൃത്രിമബുദ്ധി ഉപയോഗിച്ച്‌ ഒരാളുടെ തനിപ്പകർപ്പ്‌ വീഡിയോകൾ നിർമിക്കാവുന്ന സാങ്കേതിക വിദ്യ നിലവിലുണ്ട്‌. ശബ്ദം പകർത്തുന്ന മൊബൈൽ ആപ്പുകൾ നേരത്തെയുണ്ട്‌. അതാണ്‌ തട്ടിപ്പിനുപയോഗിച്ചത്‌.

പണം കൈമാറിയ ബാങ്ക്‌ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. വാട്‌സാപ്പിനോട്‌ വിവരം ആവശ്യപ്പെട്ടിട്ടുണ്ട്‌. വീഡിയോ വീണ്ടെടുക്കാനാവാത്തത്‌ അന്വേഷണത്തിൽ വെല്ലുവിളിയാണ്‌. ഇത്തരം തട്ടിപ്പിൽ ജനം ജാഗ്രതപാലിക്കണമെന്ന്‌ സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!