വയനാട്: പനമരം വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു മരണം.
വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ദര്‍ശന മകളുമായി പുഴയില്‍ ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മകളെ ഇനിയും കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് രാത്രിയോടെ വിധഗ്ദ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. പുഴയില്‍ ചാടുന്നതിന് മുന്‍പ് ദര്‍ശന വിഷം കഴിച്ചിരുന്നു. അതിനാല്‍ കരളിനെ ഉള്‍പ്പെടെ ബാധിച്ചതിനാല്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ക്കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിനും കമ്പളക്കാട് പോലീസിന്റെ തുടര്‍നടപടികള്‍ക്കും ശേഷം സംസ്‌കാരം പിന്നീട് നടക്കും.
ദര്‍ശനയും മകളും പാത്തിക്കല്‍ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പാലത്തിന് മുകളില്‍നിന്ന് ചാടുന്നത് സമീപത്തെ എം.സി. കേളുവിന്റെ മകന്‍ നിഖില്‍ കണ്ടതിനാലാണ് അമ്മയെ പുഴയില്‍ നിന്ന് രക്ഷിക്കാനായത്. ഓടിയെത്തിയ നിഖില്‍ 60 മീറ്ററോളം അകലെ നീന്തി ദര്‍ശനയെ രക്ഷപ്പെടുത്തുകയായിരുന്നു.
ദമ്പതികളുടെ ഏക മകളാണ് കാണാതായ ദക്ഷ. ദര്‍ശന നാലുമാസം ഗര്‍ഭിണിയാണ്. ഇവരുടെ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് പുഴ. പാലത്തിന് മുകളില്‍ ചെറുതും വലുതുമായ രണ്ട് കുടകളും ഒരു ചെരിപ്പുമുണ്ടായിരുന്നു. ഇവരുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
തിരച്ചില്‍ വിഫലം; ദക്ഷയെ കണ്ടെത്താനായില്ല
വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടിയ കുട്ടിയെ ഇനിയും കണ്ടെത്താനായില്ല. വെണ്ണിയോട് ജൈന്‍ സ്ട്രീറ്റിലെ അനന്തഗിരി ഓംപ്രകാശ് – ദര്‍ശന ദമ്പതികളുടെ മകള്‍ ദക്ഷ (5) യാണ് കാണാമറയത്ത് തുടരുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരംവരെ വിവിധ ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജിതമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ദക്ഷയെ കണ്ടെത്താനായി വ്യാഴാഴ്ച രാത്രി എട്ടുമണി വരെയും വെള്ളിയാഴ്ച പകല്‍ 12 മണിക്കൂറോളവും തിരച്ചില്‍ നടത്തി. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ തന്നെ വെണ്ണിയോട് ഡിഫന്‍സ് ടീം, പനമരം സി.എച്ച് റെസ്‌ക്യൂ, തുര്‍ക്കി ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍, പിണങ്ങോട് ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, കമ്പളക്കാട് പോലീസ് എന്നിവരെല്ലാം സ്ഥലത്തെത്തി തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. ഒന്‍പത് മണിയോടെ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും എന്‍.ഡി.ആര്‍.എഫും സ്ഥലത്തെത്തി തിരച്ചിലിനിറങ്ങി.
പാത്തിക്കല്‍ പാലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള ചെറിയമലവരെ പ്രവര്‍ത്തകര്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. മുളങ്കാടുകളും കല്ലുകെട്ടുകളിലുമെല്ലാം അരിച്ചുപെറുക്കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. വൈകീട്ടോടെ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മണ്ണാറക്കുണ്ടില്‍ വലകെട്ടി തിരഞ്ഞെങ്കിലും അതും ഫലംകണ്ടില്ല.
ഇതിനിടെ ഉച്ച കഴിഞ്ഞ് മഴ പെയ്തതിനാല്‍ അല്പനേരം തിരച്ചില്‍ നിര്‍ത്തിവെച്ചു. ചാറ്റല്‍മഴയും പുഴയിലെ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. പാത്തിക്കല്‍ പാലത്തിനുതാഴെ തന്നെ ശക്തമായ കുത്തൊഴുക്കാണ്. തുടര്‍ന്ന് ആറു മണിയോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. ഇതിനിടെ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ദീഖ് സ്ഥലം സന്ദര്‍ശിച്ചു. ദക്ഷയ്ക്കായുള്ള തിരച്ചില്‍ ശനിയാഴ്ചയും തുടരും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)