തീവണ്ടിയുടെ വേഗത കുറഞ്ഞപ്പോള്‍ സ്ത്രീയുടെ മാല പൊട്ടിച്ച് ചാടിയിറങ്ങി; വീട്ടിലെത്തി പൊക്കി പോലീസ്

Share our post

ഷൊര്‍ണൂര്‍: തീവണ്ടിയാത്രയ്ക്കിടെ സ്ത്രീയുടെ മാലകവര്‍ന്ന് ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം തിരുവാലി നടുവത്ത് തങ്ങള്‍പ്പടി വടക്കേപറമ്പില്‍ ഹരിപ്രസാദിനെയാണ് (26) പോലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് ആറിന് നിലമ്പൂര്‍ തീവണ്ടിയിലായിരുന്നു സംഭവം.

വാണിയമ്പലം വടക്കുംപുറം കുറ്റിപ്പുറത്ത് ബാലകൃഷ്ണന്റെ ഭാര്യ പ്രസന്നയുടെ രണ്ടരപവന്‍ മാലകവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. വണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിയാണ് പ്രസന്ന.

കൊല്ലത്തു നിന്ന് വാണിയമ്പലത്തേക്ക് വരികയായിരുന്നു അവര്‍. ഷൊര്‍ണൂരില്‍നിന്ന് തീവണ്ടിയെടുത്ത് അല്‍പ്പസമയത്തിനകം വേഗതകുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ മാലപൊട്ടിച്ച് ചാടിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിന്നീട് റെയില്‍വേസ്റ്റേഷനുമുന്നിലെത്തി ബൈക്കില്‍ കയറി പട്ടാമ്പിയിലെത്തി. അവിടെ നിന്ന് വണ്ടൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ വീട്ടിലേക്കുപോയി. പട്ടാമ്പിയില്‍ നിന്ന് തിരുവാലിയിലേക്ക് പോയത് അന്യസംസ്ഥാന തൊഴിലാളി എടുത്തുകൊടുത്ത ബസ് ടിക്കറ്റുമായാണ്. ഹരിപ്രസാദിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പെരുമ്പാവൂരിലെ സുഹൃത്തിനെ കണ്ട് തിരുവാലിയിലേക്ക് പോവുകയായിരുന്നു ഹരിപ്രസാദും സുഹൃത്തും.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നിലമ്പൂരിലെ വീട്ടിലെത്തിയ പോലീസ് ഹരിപ്രസാദിനെ കസ്റ്റഡിയിലെടുത്തു. പിടികൂടാനെത്തിയപ്പോള്‍ കൈമുറിച്ച് രക്ഷപ്പെടാനും ഹരിപ്രസാദ് ശ്രമിച്ചു. കവര്‍ന്നമാലയും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ചെറുവണ്ണൂരില്‍ അപ്പോള്‍സ്റ്ററി ജോലി ചെയ്യുന്നയാളാണ് ഹരിപ്രസാദ്. ഡിവൈ.എസ്.പി. പി. മുനീറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വി. രമേഷ്, എസ്.ഐ. അനില്‍മാത്യു, എസ്.ഐ. കെ. രജു, എസ്.സി.പി.ഒ. എം. ബിനുമോന്‍, സി.പി.ഒ. എസ്. മുരുകന്‍, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!