തളിപ്പറമ്പിൽ രണ്ട് പേർക്കുകൂടി കടിയേറ്റു; തെരുവുനായ്ക്കളെ പിടികൂടിത്തുടങ്ങി

Share our post

തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം ഒട്ടേറെപ്പേർക്ക് കടിയേറ്റതിനെ തുടർന്ന് നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടിത്തുടങ്ങി. പടിയൂർ എ.ബി.സി കേന്ദ്രത്തിനു കീഴിലുള്ള സംഘമാണ് തളിപ്പറമ്പിൽ എത്തിയത്.

നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായിയുടെ അഭ്യർഥനയെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ നിർദേശ പ്രകാരം എബിസി ജീവനക്കാർ എത്തിയത്. ഇന്നലെ 6 നായ്ക്കളെ പിടികൂടി.

മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാറിന്റെ നേതൃത്വത്തിലാണ് സംഘം നായ്ക്കളെ പിടികൂടിയത്. എന്നാൽ, കഴിഞ്ഞദിവസം ആളുകളെ കടിച്ച നായയെ കിട്ടിയിട്ടില്ലെന്നാണ് സൂചന.

കാലിന് മുടന്തുള്ള, രോമം കൊഴിഞ്ഞ് മെലിഞ്ഞ നായയാണ് കടിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്. ഈ നായ കഴിഞ്ഞ ദിവസം 2 പേരെക്കൂടി കടിച്ചു.

കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തുള്ള ടി.വി.രാജൻ (63), ഇവിടെയുള്ള ലോഡ്ജിന്റെ പരിസരത്തു വച്ച് ജഗദീഷ് എന്നിവരെയാണ് കടിച്ചത്. വാഹനങ്ങൾക്കു നേരെയും കുരച്ച് ചാടിക്കൊണ്ടിരുന്ന നായയെ പിന്നീട് നാട്ടുകാർ ഓടിക്കുകയായിരുന്നു.

നായ പിടിത്തം തുടരുമെന്ന് പി.പി.മുഹമ്മദ് നിസാർ അറിയിച്ചു. എ.ബി.സി കേന്ദ്രത്തിൽ എത്തിക്കുന്ന നായ്ക്കളെ വന്ധ്യംകരിച്ച ശേഷം ഇവിടെത്തന്നെ കൊണ്ടുവന്നു വിടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!