വഞ്ചനാക്കേസ്; പഞ്ചായത്തംഗം ജയിലിൽ
തളിപ്പറമ്പ് : പോസ്റ്റ്‌മാസ്റ്ററായി ജോലിയിലിരിക്കെ ഇന്ദിരാവികാസ് പത്രികയിൽ അടക്കാൻ നൽകിയ തുക അടക്കാതെ വഞ്ചിച്ചുവെന്ന കേസിൽ ഗ്രാമപ്പഞ്ചായത്തംഗം ജയിലിൽ. ചെറുകുന്ന് പഞ്ചായത്തിലെ കോൺഗ്രസിന്റെ വാർഡംഗം മുണ്ടപ്രം കട്ടക്കുളത്തെ കൊയിലേരിയൻ കൃഷ്ണനെയാണ്(58) കോടതി കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും തുടർനടപടികളെടുക്കാതെയിരുന്ന ഇയാളെ വെള്ളിയാഴ്ച തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ചിതപ്പിലെപൊയിൽ പോസ്റ്റോഫീസിൽ ജോലിയിലിരിക്കെയാണ് പണമടയ്ക്കാതെ വഞ്ചിച്ചത്. 1998-ലായിരുന്നു സംഭവം. വഞ്ചനാക്കേസിൽ 2005-ൽ കൃഷ്ണന് ഒരുവർഷത്തെ തടവും 1000 രൂപ പിഴയും കോടതി വിധിച്ചു. തടവ് ഒഴിവായിക്കിട്ടാൻ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാകുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്തില്ല. ഇതിനിടെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് നടപടിയുണ്ടായത്.