പരീക്ഷാഫലങ്ങള്‍ വന്നിട്ട് ആഴ്ചകള്‍: ഇനിയും ആരംഭിക്കാതെ പ്രവേശന നടപടികള്‍

Share our post

കോഴിക്കോട്: 2023-24 പ്രവേശനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് ആഴ്ചകളായിട്ടും പ്രവേശന നടപടികൾ ആരംഭിക്കാത്തതിനാൽ ഫലപ്രഖ്യാപനത്തിന്റെ നേട്ടം വിദ്യാർഥികൾക്ക് ലഭിക്കാതെ പോകുന്നു. കോവിഡ് കാരണം വൈകിയിരുന്ന പല പ്രവേശന പരീക്ഷകളും രണ്ടുവർഷത്തിനു ശേഷം ഈവർഷം കൃത്യമായി നടത്തിയിരുന്നു. എന്നാൽ, ഫലം വന്ന് ആഴ്ചകളായിട്ടും പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല.

പി.ജി. മെഡിക്കൽ

പി.ജി. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം മാർച്ച് 14-നാണ് പ്രസിദ്ധീകരിച്ചത്. ഫലം വന്നിട്ട് നാലുമാസം കഴിഞ്ഞു. ഇതുവരെ ദേശീയ കൗൺസലിങ് വിജ്ഞാപനം വന്നിട്ടില്ല.

യു.ജി. മെഡിക്കൽ

നീറ്റ് യു.ജി. മേയ് ഏഴിന് നടത്തി. ജൂൺ 13-ന് ഫലം പ്രഖ്യാപിച്ചു. ഒരു മാസം കഴിഞ്ഞ് 14-നാണ് മെഡിക്കൽ അഖിലേന്ത്യാ ക്വാട്ട അലോട്മെന്റ് ഷെഡ്യൂൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അതിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടത്താൻ ഇനിയും അഞ്ച് ദിവസം കാത്തിരിക്കണം.

നാലു റൗണ്ട് അലോട്മെന്റുകളാണ് ഇതിൽ സാധാരണഗതിയിൽ പൂർത്തിയാക്കേണ്ടത്. ഇതിൽ ആദ്യ അലോട്മെന്റ് ഫലം 29-നാണ്. സ്ഥാപന റിപ്പോർട്ടിങ്ങിന് ഓഗസ്റ്റ് നാലുവരെ അവസരമുണ്ടാകും.

ഇതിലെ ആദ്യ അലോട്െമന്റിനു ശേഷമേ സംസ്ഥാന ക്വാട്ട ആദ്യ അലോട്െമന്റ്‌ നടത്താൻ കഴിയൂ. അതിനാൽ സംസ്ഥാന അലോട്മെന്റുകളും വൈകും. ബിരുദതല ആയുഷ്, വെറ്ററിനറി ഓൾ ഇന്ത്യ കൗൺസലിങ് നടപടികൾ എം.സി.സി. അലോട്െമൻറ് തുടങ്ങിയശേഷമേ ആരംഭിക്കൂ. അതും വൈകും.

കേരള എൻജിനിയറിങ്

കേരളത്തിൽ എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ഫലം ജൂൺ 19-ന് പ്രഖ്യാപിച്ചെങ്കിലും അലോട്െമൻറ് നടപടികൾ വൈകുകയാണ്. സമയബന്ധിതമായി പ്രവേശന നടപടികൾ പുരോഗമിക്കുന്നത് സർവകലാശാലകളുടെ അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശനമാണ്. സ്വയംഭരണ കോളേജുകളുടെ പ്രവേശന നടപടികൾ കഴിഞ്ഞ് ക്ലാസുകൾ തുടങ്ങി.

കേരള, എം.ജി., കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിലെ പ്രവേശന നടപടികൾ വിവിധ ഘട്ടങ്ങളിലെത്തി. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലാ പ്രവേശനങ്ങളും പുരോഗമിക്കുകയാണ്. സമയബന്ധിതമായി മുന്നോട്ടുപോകുന്ന ഈ പ്രവേശനങ്ങളുടെ പ്രയോജനം കുട്ടികൾക്ക് ലഭിക്കില്ല.

അഖിലേന്ത്യാ ബിരുദ മെഡിക്കൽ പ്രവേശനം, കേരള എൻജിനിയറിങ് പ്രവേശനം തുടങ്ങിയവ ആരംഭിക്കുമ്പോൾ അഫിലിയേറ്റഡ് കോളേജുകളിൽ ഇതിനകം പ്രവേശനംനേടിയ പലരും അതിലേക്ക് മാറാൻ സാധ്യതയുണ്ട്. കുസാറ്റിലും ഇത്‌ സംഭവിക്കാം.

ചുരുക്കത്തിൽ പ്രൊഫഷണൽ കോഴ്സ് പ്രവേശനം പൂർത്തിയാകുന്ന മുറയ്ക്കുമാത്രമേ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ വർഷം യഥാർഥത്തിൽ പഠിക്കേണ്ട കുട്ടികൾ എത്തുകയുള്ളൂവെന്ന് അധ്യാപകർ പറയുന്നു.

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യു.ജി. പരീക്ഷാ ഫലം വരുമ്പോൾ കുറെയേറെ വിദ്യാർഥികൾ അവിടേക്കു മാറാനും സാധ്യതയുണ്ട്. അതും മറ്റു പ്രവേശനങ്ങളെ ബാധിക്കും.

കൃത്യമായി നടക്കുന്ന ജോസ

ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ് അടിസ്ഥാനമാക്കി ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.ഐ.ടി, ജി.എഫ്.ടി.ഐ. എന്നിവയിലേക്ക് ദേശീയതലത്തിൽ ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന പ്രവേശനത്തിന്റെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ് കൃത്യസമയത്ത് പുരോഗമിക്കുന്നുണ്ട്. മൂന്ന് റൗണ്ട് അലോട്െമൻറുകൾ ഇതിനകം പൂർത്തിയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!