ചിറ്റാരിപ്പറമ്പ്, മാനന്തേരി -അക്ഷയ കേന്ദ്രങ്ങൾ അടച്ചുപൂട്ടി; ജനം ദുരിതത്തിൽ

ചിറ്റാരിപ്പറമ്പ് : പഞ്ചായത്ത് പരിധിയിലെ 2 അക്ഷയ കേന്ദ്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ട് അടച്ച് പൂട്ടിയതോടെ പഞ്ചായത്തിലുള്ളവർ ദുരിതത്തിലായി.
ഇതോടെ കോളയാട്, മാങ്ങാട്ടിടം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലാണ് ഇവർ അപേക്ഷ നൽകാൻ എത്തുന്നത്.
പെൻഷൻ മസ്റ്ററിങ് ഉൾപ്പെടെ അവതാളത്തിലാണ്. ക്രമക്കേടുകളെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ചിറ്റാരിപ്പറമ്പ്, മാനന്തേരി അക്ഷയകൾ അധികൃതർ പൂട്ടിച്ചത്.
ചിറ്റാരിപ്പറമ്പിൽ പ്രവർത്തിക്കുന്ന അക്ഷയയുടെ ലോഗിൻ ഐ.ഡി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഓൺലൈൻ സെന്റർ തുടങ്ങി പ്രവർത്തിച്ചതിനാലാണ് ചിറ്റാരിപ്പറമ്പിലെ അക്ഷയ കേന്ദ്രത്തിനെതിരെ നടപടി ഉണ്ടായത്.
പരാതിയെ തുടർന്ന് അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസർ നടത്തിയ പരിശോധനയിൽ ക്രമക്കേട് തെളിഞ്ഞതോടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
മാനന്തേരി അക്ഷയ കേന്ദ്രത്തിന്റെ പേരിൽ ചിട്ടി നടത്തി ഒരു കോടിയോളം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ സ്ഥാപന ഉടമയ്ക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് അക്ഷയ ജില്ലാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയത്. അക്ഷയ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.