കണ്ണൂർ ജില്ലാ ആയുർവേദ ആസ്പത്രി നവീകരിക്കാൻ 65ലക്ഷത്തിന്റെ പദ്ധതി

Share our post

കണ്ണൂർ : താണയിലെ ഗവ. ആയുർവേദ ആശുപത്രി നവീകരണത്തിനൊരുങ്ങുന്നു. 65 ലക്ഷം രൂപയുടെ വികസനപദ്ധതിക്കാണ്‌ തുടക്കമാവുന്നത്‌. അടിസ്ഥാനസൗകര്യ വികസനവും സൗന്ദര്യവൽക്കരണവും സാധ്യമാക്കുന്ന പ്രവൃത്തികളാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌.

പഴക്കമുള്ള കെട്ടിടങ്ങളുടെയും ശുചിമുറികളുടെയും കേടുപാടുകൾ മാറ്റി നവീകരിക്കുകയാണ്‌ ലക്ഷ്യം. ജനറൽ ഫീമെയിൽ വാർഡ്‌, പേ വാർഡ്‌ മുറികൾ എന്നിവയാണ്‌ പ്രധാനമായും നവീകരിക്കുന്നത്‌. തറ ടൈൽ പാകി മനോഹരമാക്കാനും കെട്ടിടം പെയിന്റ്‌ ചെയ്യാനും പദ്ധതിയുണ്ട്‌. എല്ലാമുറികളിലും ചൂടുവെള്ളം ലഭ്യമാക്കാനുള്ള സൗകര്യം, സ്റ്റോറേജ്‌ മുറികൾ എന്നിവയും ഒരുക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൊതുനന്മാ ഫണ്ടിൽനിന്നാണ്‌ 65 ലക്ഷം ആശുപത്രി നവീകരണത്തിനായി അനുവദിച്ചത്‌.

ജില്ലാ ആയുർവേദ ആസ്പത്രി സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്‌. കോസ്‌മെറ്റിക്‌ ഉൾപ്പെടെ സ്‌പെഷ്യലിസ്‌റ്റ്‌ ഒ.പികളിൽ വൻതിരക്കാണ്‌. കേരളത്തിലെ ആയുർവേദചികിത്സക്ക്‌ ലോകമെമ്പാടുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത്‌ ലക്ഷ്യമിട്ട പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. വിദേശികൾക്ക്‌ ആധുനികനിലവാരത്തിലുള്ള ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ ഭാവിയിൽ ഒരുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!