മട്ടന്നൂരിന്റെ മുഖം മാറും; നഗര സൗന്ദര്യവൽക്കരണം തുടങ്ങി

മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ നഗരസൗന്ദര്യവൽക്കരണത്തിനുള്ള പ്രവൃത്തികൾ തുടങ്ങി. റോഡരികിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡിന് മുന്നിലും ജങ്ഷനിലുമാണ് ചെടികൾ സ്ഥാപിക്കുന്നത്. ഇരുമ്പുവേലിയിലാണ് പൂച്ചെടികൾ ചട്ടികളിലാക്കിവയ്‌ക്കുന്നത്.
നഗരസൗന്ദര്യവൽക്കരണം നടപ്പാക്കുമെന്ന് അഞ്ച് വർഷംമുമ്പ് നഗരസഭാ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും കെ.എസ്.ടി.പി റോഡിന്റെ പണി നീണ്ടതോടെ വൈകുകയായിരുന്നു. ട്രാഫിക് ഐലൻഡുകളും ബസ് ബേകളും സ്ഥാപിച്ച് വിമാനത്താവള നഗരമെന്ന നിലയിൽ മട്ടന്നൂരിന്റെ മുഖം മാറ്റുന്ന പദ്ധതിയാണ് വിഭാവനം ചെയ്തത്.
ഇത്തവണത്തെ ബജറ്റിലും നഗരസൗന്ദര്യവൽക്കരണത്തിന് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മട്ടന്നൂർ ജങ്ഷനിൽ ക്ലോക്ക് ടവറും ഹരിത ഇടനാഴിയും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. നഗരത്തിൽ ഓപ്പൺ ഓഡിറ്റോറിയവും നിർമിക്കും. സാമ്രാജ്യത്വവിരുദ്ധ സമര സ്മാരക ഓപ്പൺ ഓഡിറ്റോറിയം നിർമിക്കാൻ 25 ലക്ഷം രൂപയും പൊലീസ് സ്‌റ്റേഷൻ ബൈപ്പാസ് റോഡ് ഹരിത ഇടനാഴിയാക്കാൻ 20 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിരുന്നു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് മട്ടന്നൂർ ജങ്ഷനിൽ ക്ലോക്ക് ടവർ സ്ഥാപിക്കുക. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കും.