എ.ടി.എമ്മില്‍ പേപ്പര്‍ തിരുകിവെച്ച് സഹായത്തിനെത്തും, പണംതട്ടും; അന്തർസംസ്ഥാന തട്ടിപ്പുകാരൻ അറസ്റ്റില്‍

Share our post

കട്ടപ്പന: കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ എ.ടി.എം. തട്ടിപ്പ് നടത്തിവന്ന ആളെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ തമിഴ്നാട് ബോഡി കുറുപ്പ്സ്വാമി കോവില്‍ സ്ട്രീറ്റ് തമ്പിരാജ് (46)നെയാണ് കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ്.നായരുടെ എ.ടി.എം. കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു.

എ.ടി.എം. കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കും.

ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എ.ടി.എം. കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസ്സം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.

ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍ നിന്ന് കാര്‍ഡ് വാങ്ങിയ തമ്പിരാജ് തന്ത്രത്തില്‍ മറ്റൊരു കാര്‍ഡ് എ.ടി.എം. കൗണ്ടറിലിട്ട ശേഷം ശ്രീജിത്തിനോട് പിന്‍ ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. ടൈപ്പ് ചെയ്ത പിന്‍ തെറ്റാണെന്ന് കാണിച്ചതോടെ ശ്രീജിത്തിനെ മറ്റൊരു എ.ടി.എം. കാര്‍ഡ് നല്‍കി തമ്പിരാജ് മടക്കി.

ശ്രീജിത്തിന്റെ കാര്‍ഡ് ഇയാള്‍ കൈക്കലാക്കിയിരുന്നു. പിന്‍ നമ്പരും മനസ്സിലാക്കിയ തമ്പിരാജ് അടുത്തദിവസം മുതല്‍ ശ്രീജിത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചുതുടങ്ങി. പണം നഷ്ടപ്പെട്ടതറിഞ്ഞ് ശ്രീജിത്ത് ബാങ്കിലെത്തിയപ്പോഴാണ് മറ്റാരുടെയോ എ.ടി.എം. കാര്‍ഡാണ് തന്റെ കൈയിലുള്ളതെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കട്ടപ്പന സി.ഐ. ടി.സി. മുരുകന്‍, എസ്.ഐ. സജിമോന്‍ ജോസഫ്, വി.കെ. അനീഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!