നടുവില്‍ ഗവ. പോളിടെക്‌നിക്ക് ഉദ്‌ഘാടനം ശനിയാഴ്ച

ആലക്കോട് : മലയോര ജനതയുടെ കാത്തിരിപ്പിനൊടുവിൽ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നടുവില്‍ ഗവ. പോളിടെക്‌നിക്ക് യാഥാർഥ്യമാകുകയാണ്. ശനി രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനച്ചടങ്ങ് ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്.
മലയോര പ്രദേശമായ ഇരിക്കൂർ മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സർക്കാർ സ്ഥാപനം അരനൂറ്റാണ്ടായി ഇവിടുത്തുകാർ ആഗ്രഹിക്കുന്നതാണ്. അതിനുള്ള പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഏറെ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽമാത്രം കാണുന്ന എം.എൽ.എ. ക്കും കൂട്ടാളികൾക്കും വോട്ട് തട്ടാനുള്ള ചെപ്പടിവിദ്യ മാത്രമായിരുന്നു നടുവിൽ പോളിടെക്നിക്ക്. എന്നാൽ, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ വിപ്ലവകരമായ തീരുമാനങ്ങളും നടപടികളുമാണ് പോളിടെക്നിക്കിനുവേണ്ടി ഉണ്ടായത്. സി.പി.എം ഏരിയാ കമ്മിറ്റിയുടെ ഇടപെടലിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഭൗതിക സാഹചര്യം മാറ്റാനും കെട്ടിടം നിർമിക്കാനുമായി രണ്ട് കോടിയിലധികം രൂപ അനുവദിച്ചു. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോളേജ് യാഥാർഥ്യമായത്.
ആഗസ്തിൽ ക്ലാസ് ആരംഭിക്കും
കോളേജിൽ ആഗസ്ത് മധ്യത്തോടെ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ കെ.എം. ശിഹാബുദ്ധീൻ പറഞ്ഞു. സിവിൽ എൻജിനിയറിങ്, ഓട്ടോ മൊബൈൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഓട്ടോ മൊബൈൽ എൻജിനിയറിങ്ങിൽ മലബാറിലെ ആദ്യ ഗവ. പോളിടെക്നിക്ക് എന്ന ബഹുമതിയും ഇനി നടുവിലിന് സ്വന്തം.
കോളേജ് വരുന്നതോടെ സാധാരണക്കാരുടെ മക്കൾക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നിരവധി അവസരങ്ങളാണ് ലഭിക്കുക. പ്രധാനമന്ത്രി കൗശൽ വികാസ് യോജന, ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡിവോക്ക്) കോഴ്സുകൾ, തൊഴിൽ നൈപുണി കോഴ്സുകൾ, നടുവിൽ ടെക്‌നിക്ക് ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള തുടർ പഠനകേന്ദ്രം എന്നീ നിലകളിലേക്ക് പോളിടെക്നിക്ക് മാറും.
ഉദ്ഘാടനച്ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷനാകും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എം.എസ്. രാജശ്രീ, ജോൺ ബ്രിട്ടാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.