എം.എ പ്രവേശനച്ചട്ടങ്ങളിലെ മാറ്റം വരുത്തൽ: വിശദീകരണവുമായി കണ്ണൂർ സർവ്വകലാശാല

Share our post

കണ്ണൂർ : ബികോം വിദ്യാർഥികൾക്കും എം.എ ഇംഗ്ലിഷ് കോഴ്‌സിന് പ്രവേശനം നൽകുന്ന വിധത്തിൽ പ്രവേശനച്ചട്ടങ്ങളിൽ മാറ്റം വരുത്തിയത് എസ്എഫ്ഐ നേതാവിനെ സഹായിക്കാനാണെന്ന സേവ് യൂണിവേസിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല.

‘ബികോം പാസായ വിദ്യാർഥികൾക്ക് എം.എ ഇംഗ്ലിഷിനു മറ്റു സർവകലാശാലകളിൽ പ്രവേശനം നൽകുന്നുണ്ടെന്നും കണ്ണൂരിലും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു വിസിക്കു ലഭിച്ച അപേക്ഷയാണു കരിക്കുലം പരിഷ്കരണത്തിനുളള അഡ്ഹോക് കമ്മിറ്റി അംഗീകരിച്ചത്.

ബികോം അടക്കമുള്ള ലാംഗ്വേജ് റെഡ്യൂസ്ഡ് പാറ്റേൺ (എൽആർപി) ബിരുദം പാസായവരെയെല്ലാം എം.എ ഇംഗ്ലിഷ് പ്രവേശനത്തിനു പരിഗണിക്കണമെന്ന് അഡ്ഹോക് കമ്മിറ്റി ശുപാർശ ചെയ്തു. ബികോം അടക്കം 16 കോഴ്സുകൾ എൽ.ആർ.പി കോഴ്സുകൾ പാസായവർക്ക് ഇനി എം.എ ഇംഗ്ലിഷിനു ചേരാനാകും. ഇൻഡക്സ് മാർക്കിന്റെ ഘടനയും തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ഇംഗ്ലിഷ് ഐച്ഛിക വിഷയമായി ബിരുദം പൂർത്തിയാക്കിയവർക്കുള്ള വെയിറ്റേജ് തുടരും. സർവകലാശാലാ പഠന വകുപ്പുകളിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും കോളജുകളിൽ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലുമാകും എം.എ ഇംഗ്ലിഷ് പ്രവേശനം.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടക്കുന്ന കാലത്ത് പരമ്പരാഗത രീതികൾക്കും വിശ്വാസങ്ങൾക്കും മാറ്റം വരേണ്ടതുണ്ട്. ബിരുദങ്ങളുടെ തുല്യത, പ്രവേശന മാനദണ്ഡം എന്നിവയിൽ മാറ്റം വരുത്താൻ പലരും വിമുഖരാണ്. എൽ.ആർ.പി കോഴ്‌സുകൾ പഠിച്ചവർക്ക് എം.എ ഇംഗ്ലിഷിനു പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുക മാത്രമാണു സർവകലാശാല ചെയ്തത്. അക്കാദമിക താൽപര്യം മാത്രമാണ് ഇക്കാര്യത്തിലുള്ളത്.’ സർവകലാശാല അറിയിച്ചു.

സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പ്രധാന ആരോപണങ്ങൾക്കൊന്നും സർവകലാശാലയുടെ വിശദീകരണത്തിൽ മറുപടിയില്ല. കേരളത്തിൽ ഏതൊക്കെ സർവകലാശാലകളിൽ എൽ.ആർ.പി കോഴ്സുകൾ പാസായവർക്ക് എം.എ ഇംഗ്ലിഷിനു പ്രവേശനം നൽകിയിട്ടുണ്ടെന്നു വിശദീകരിച്ചിട്ടില്ല.

ബികോം ബിരുദധാരിയായ ഒരു അപേക്ഷകൻ ആവശ്യപ്പെട്ട കാര്യം അപ്പടി കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നു സർവകലാശാല സമ്മതിക്കുന്നു. ആരോപണങ്ങളുയർന്നാൽ, പറഞ്ഞു നിൽക്കാനാണ് എല്ലാ എൽ.ആർ.പി കോഴ്സുകൾക്കും ഇളവു നൽകിയതെന്നും വ്യക്തമാകുന്നു.

എല്ലാ എൽ.ആർ.പി ബിരുദ കോഴ്സുകളെയും പരിഗണിച്ച കരിക്കുലം കമ്മിറ്റി പക്ഷേ, കന്നഡയും ഹിന്ദിയും അടക്കമുള്ള മറ്റ് എം.എ കോഴ്സുകളെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നും സർവകലാശാല വ്യക്തമാക്കിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!