ഒമ്പതു ജില്ലകളിലെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത്‌ പത്തിന്‌

Share our post

തിരുവനന്തപുരം : ഒമ്പതു ജില്ലകളിലെ പതിനേഴ് തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ആഗസ്‌ത്‌ 10ന് നടക്കും. രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലും 15 പഞ്ചായത്തു വാർഡിലുമാണ്‌ തെരഞ്ഞെടുപ്പ്‌. വിജ്ഞാപനം ശനിയാഴ്‌ച പുറപ്പെടുവിക്കും.

22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്‌മപരിശോധന 24ന്‌. 26 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ ആഗസ്‌ത്‌ 11 ന് രാവിലെ 10ന്‌ നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം വെള്ളിമുതൽ പ്രാബല്യത്തിലായി. ഉപതെരഞ്ഞെടുപ്പുള്ള പഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ അവ ഉൾക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടം. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ബ്ലോക്ക് പഞ്ചായത്തിൽ 4000 രൂപയും പഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.

അർഹതയുള്ള സ്ഥാനാർഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കാൻ പത്രികയോടൊപ്പം നിശ്ചിത ഫോറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾകൂടി നൽകണം. 13ന്‌ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും ലഭിക്കും.

സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക പഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയുമാണ്. ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം നൽകണം. കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനായും നൽകാം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ

*ജില്ലാ, തദ്ദേശസ്ഥാപനം, വാർഡുനമ്പർ ക്രമത്തിൽ

*കൊല്ലം: തെന്മല – ഒറ്റക്കൽ (അഞ്ച്‌), ആദിച്ചനല്ലൂർ പുഞ്ചിരിച്ചിറ (രണ്ട്‌).

*ആലപ്പുഴ: തലവടി കോടമ്പനാടി (13).

*കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവൻ തുരുത്ത് (മൂന്ന്‌).

*എറണാകുളം: ഏഴിക്കര വടക്കുപുറം (മൂന്ന്‌), വടക്കേക്കര മുറവൻ തുരുത്ത് (11), മൂക്കന്നൂർ കോക്കുന്ന് (നാല്‌),   പള്ളിപ്പുറം പഞ്ചായത്ത് വാർഡ് (10).

*തൃശൂർ: മാടക്കത്തറ താണിക്കുടം (15).

*പാലക്കാട്: പൂക്കോട്ട്കാവ് താനിക്കുന്ന് (ഏഴ്‌).

*മലപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ -ചെമ്മാണിയോട് (രണ്ട്‌), ചുങ്കത്തറ കളക്കുന്ന് (14), തുവ്വൂർ   അക്കരപ്പുറം (11), പുഴക്കാട്ടിരി കട്ടിലശ്ശേരി (11).

*കോഴിക്കോട്: വേളം -പാലോടിക്കുന്ന് (17).

*കണ്ണൂർ: മുണ്ടേരി താറ്റിയോട് (10), ധർമ്മടം പരീക്കടവ് (11).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!