220 കോടിയിലേറെ വരുമാനം; ഈ മാസം 20നകം ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർക്കണമെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള കുടിശിക സമയപരിധിയ്ക്കുള്ളിൽ കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 20-നകം തന്നെ കൊടുത്തു തീർക്കണമെന്നും അല്ലാത്തപക്ഷം കെ.എസ്.ആർ.ടി.സി, എം. ഡി നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി അറിയിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനായിരുന്നു ജീവനക്കാരുടെ ശമ്പളം വൈകിച്ച നടപടിയിൽ കെ.എസ്.ആർ.ടി.സിയെ രൂക്ഷമായി വിമർശിച്ചത്.പ്രതിമാസം 220 കോടിയിലേറെ വരുമാനമുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി പ്രതിസന്ധിയിലാകുന്നത് എങ്ങനെയാണെന്നും കോടതി ചേദിച്ചു.
എന്നാൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 11 കോടി രൂപ വകമാറ്റിയതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. സർക്കാർ ധനസഹായമായി 30 കോടി പ്രതീക്ഷിക്കുന്നതായും തുക ലഭിച്ചാൽ ഉടനടി ശമ്പള സംബന്ധിയായ പ്രശ്നം പരിഹരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
അതേസമയം കഴിഞ്ഞ മാസത്തെ ശമ്പളവും വൈകിയതിന് പിന്നാലെ കൂലിപ്പണിയ്ക്ക് പോകാൻ അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ രേഖാമൂലം ആവശ്യപ്പെട്ടത് വാർത്തയായിരുന്നു.
ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.