മണത്തണയിൽ അപകട ഭീഷണി ഉയർത്തി തെങ്ങ്: മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ

പേരാവൂർ : മണത്തണ കൊട്ടം ചുരം റോഡിൽ നാട്ടുകാർക്ക് അപകട ഭീഷണി ഉയർത്തി ലൈൻ കമ്പിക്കു മേലെ സ്ഥിതിചെയ്യുന്ന തെങ്ങ് മുറിച്ച് മാറ്റാൻ നടപടിയായില്ല.
പേരാവൂരിനടുത്ത് കൊട്ടൻചുരം മുത്തപ്പൻ റോഡിലാണ് സ്കൂൾ കുട്ടികൾക്കും, നാട്ടുകാർക്കും മറ്റ് കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തി ഈ തെങ്ങ് സ്ഥിതി ചെയ്യുന്നത്. റോഡ് അരികിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഈ തെങ്ങ്.
അതുകൊണ്ടുതന്നെ പഞ്ചായത്ത് അധികൃതർക്ക് ഒന്നും തന്നെ ചെയ്യാനില്ല എന്ന് അവരും പറയുന്നു. തെങ്ങ് മുറിച്ച് മാറ്റാൻ സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെട്ടപ്പോൾ നാട്ടുകാർ തന്നെ തെങ്ങ് മുറിച്ച് മാറ്റുന്ന ദൗത്യം ഏറ്റെടുക്കാനാണ് പറഞ്ഞത്.
തെങ്ങ് ആര് മുറിച്ചുമാറ്റും എന്ന ആശങ്കയിലാണ് നാട്ടുകാർ. പഞ്ചായത്ത് അധികൃതരോ, നാട്ടുകാരോ, കെ.എസ്.ഇ.ബിയോ, ആരും തന്നെ ഒന്നും ചെയ്യുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം. ഈ നിസ്സാര പ്രശ്നം പരിഹരിച്ച് വലിയൊരു അപകടം ഒഴിവാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.