സിൽവർ ലൈൻ പുതിയ പാതയിൽ; ഇ. ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Share our post

തിരുവനന്തപുരം: സിൽവർ ലൈൻ നടപ്പാക്കാനുള്ള ബദൽ നിർദേശങ്ങളോട് അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചേക്കുമെന്ന് സൂചന. കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞ ദിവസം മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ.വി. തോമസ് ആവശ്യപ്പെട്ടതനുസരിച്ച് ഇ. ശ്രീധരൻ സിൽവർ ലൈന് ബദലായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം കെ.വി. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇ. ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന വിവരവും പുറത്തുവന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം കെ റെയിൽ പ്രതിനിധികളും പങ്കെടുക്കും. നിലവിലുള്ള സിൽവർ ലൈൻ പദ്ധതിയിൽനിന്നുള്ള പിന്നോട്ടു പോക്കാണെങ്കിലും ശ്രീധരൻ നിർദേശിച്ച ബദൽ നിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളോടെ വീണ്ടും പദ്ധതി സജീവമാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.

നിലവിലെ കെ റെയിൽ അപ്രായോഗികമാണെന്നും ഡി.പി.ആർ തന്നെ മാറ്റണമെന്നും ഇ. ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് ബദൽ. ഇതുവഴി ചെലവ് വലിയതോതിൽ കുറയും. ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാന്‍റേഡ് ഗേജ് ആക്കി നിലനിർത്തണമെന്നും ഇതിനെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

തുടക്കത്തിൽ സെമി ഹൈസ്പീഡും പിന്നീട് ഹൈ സ്പീഡും എന്ന രീതിയിൽ പദ്ധതി തയാറാക്കണമെന്നാണ് ഇ. ശ്രീധരന്‍റെ നിർദേശം. ഈ നിർദേശങ്ങളിൽ കെ റെയിൽ കോർപറേഷന്‍റെ അഭിപ്രായം കൂടി സർക്കാർ തേടും. ഡിപിആര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബദൽ നിർദേശത്തെ ബി.ജെ.പി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ പ്രതീക്ഷ.

ഇ. ശ്രീധരൻ മുന്നോട്ട് വച്ച തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രത്തിന്‍റെ പ്രതികൂല നിലപാട് വിലങ്ങുതടിയായതോടെ തണുത്തുപോയ കെ റെയിൽ പദ്ധതിയെ പുതിയ മാറ്റങ്ങളോടെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ് ഇ. ശ്രീധരന്‍റെ ബദൽ നിർദേശങ്ങളോടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്.

സർക്കാർ ഈ അവസരം വിനിയോഗിക്കാനാണ് സാധ്യത. ഇ.ശ്രീധരന് കേന്ദ്രത്തിലുള്ള സ്വാധീനവും മാറ്റങ്ങളോടെയുള്ള കെ റെയിൽ പദ്ധതിക്ക് സഹായകമാകും. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവേ മന്ത്രിയും പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!