ഗോ ഫസ്റ്റ് പുനരാരംഭിക്കാന്‍ സാധ്യത; കണ്ണൂര്‍ യാത്രക്കാര്‍ പ്രതീക്ഷയില്‍

Share our post

കണ്ണൂർ : ഗോ ഫസ്റ്റ് എയറിന്റെ സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശകലനം നടത്തിയ ശേഷം സര്‍വീസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നിലവില്‍ യാത്ര ദുരിതം ഏറെ സഹിക്കുന്ന മസ്കറ്റ് – കണ്ണൂര്‍ സെക്ടറിലെ യാത്രക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കണ്ണൂര്‍ – മസ്കറ്റ് റൂട്ടിലായിരുന്നു ഗോ ഫസ്റ്റ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിരുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും വിമാനമുണ്ടായിരുന്നതും ഏറെ സൗകര്യമുള്ള സമയക്രമവും ആയതിനാല്‍ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഗോ ഫസ്റ്റ് ഈടാക്കിയിരുന്നത്. ഇതും യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ഗോ ഫസ്റ്റിന്റെ സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശകലനം നടത്തുകയാണ്. മുബൈ, ദില്ലി ടീമുകള്‍ തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ പരിശോധിച്ചു കഴിഞ്ഞു.

മൂന്ന് ദിവസങ്ങളിലായാണ് ഓഡിറ്റ് പരിശോധന നടന്നത്. ഇനി റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് എയര്‍ലൈനിന്റെ ഭാവി സംബന്ധമായ തീരുമാനം ഉണ്ടാവുക. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സുരക്ഷ സംബന്ധമായ വിഷയങ്ങളിലാണ് ഓഡിറ്റ് ഊന്നല്‍ നല്‍കുകയെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 28 സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധമായ പദ്ധതികള്‍ ഗോ ഫസ്റ്റ് സമര്‍പ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം മുംബൈയിലും ഡല്‍ഹിയിലുമായി സ്പെഷ്യല്‍ ഓഡിറ്റുകള്‍ നടത്താൻ പദ്ധതിയുള്ളതായി ഏവിയേഷൻ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഈ മാസം നാല് മുതല്‍ ആറ് വരെ എയര്‍ലൈൻസിന്റെ സുരക്ഷ സംബന്ധമായ കാര്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓഡിറ്റ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. 22 വിമാനങ്ങളുമായി കഴിയും വേഗത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് ഗോ ഫസ്റ്റ് ലക്ഷ്യമിടുന്നത്. മസ്കറ്റ് – കണ്ണൂര്‍ സെക്ടറില്‍ ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയത് ഈ സെക്ടറിലെ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിരുന്നു. ദിവസേന സര്‍വിസ് നടത്തുന്ന ഗോ എയര്‍ നിര്‍ത്തിയതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്കൊപ്പം കോഴിക്കോട്, അതിര്‍ത്തി സംസ്ഥനങ്ങളിലെ യാത്രക്കാര്‍ എന്നിവരും യാത്രാ ദുരിതത്തിലായിരുന്നു. ആഴ്ചയില്‍ മൂന്ന് സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ മാത്രമാണ് ഇപ്പോള്‍ ഈ സെക്ടറിലുള്ളത്.

ഇതിന്റെ സര്‍വിസ് വാരാന്ത്യ ദിവസങ്ങളിലില്ലാത്തതടക്കമുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതോടെ യാത്രക്കാര്‍ കോഴിക്കോട്, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കും യാത്ര മാറ്റേണ്ടി വന്നിരുന്നു. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരക്കൊഴിയുകയും ചെയ്തു. പ്രശ്നം പരിഹരിക്കാനും കണ്ണൂരില്‍നിന്നും സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും ഈ മേഖലയിലുള്ളവര്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് ഗോ ഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കാൻ ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പരക്കുന്നത്. അതിനിടെ, സര്‍വീസുകള്‍ റദ്ദാക്കിയതോടെ ടിക്കറ്റിന് നല്‍കിയ തുക തിരിച്ചു കിട്ടാത്ത പരാതികളും നിലനില്‍ക്കുന്നുണ്ട്. കടമ്പകള്‍ എല്ലാം മറികടന്ന് ഗോ എയര്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന പ്രാര്‍ഥനയിലാണ് കണ്ണൂര്‍ യാത്രക്കാര്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!