മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ക്ഷാമം, അരിപോലുമില്ല

Share our post

ഇരിക്കൂർ : ജില്ലയിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾക്ക് കടുത്ത ക്ഷാമം. മട്ട അരി, പച്ചരി, കുറുവ അരി, ജയ അരി, കടല, തുവരപ്പരിപ്പ്, മുളക്, ഉഴുന്ന്, വൻ പയർ ഉൾപ്പെടെ 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം ഔട്ട്ലറ്റുകളിലും ഇവ സ്റ്റോക്കില്ല. മട്ട അരി, പച്ചരി എന്നിവ ജില്ലയിൽ ഒരിടത്തും ലഭ്യമല്ല.

വിതരണക്കാർക്ക് കൃത്യമായി പണം ലഭിക്കാത്തതുകാരണം സാധനങ്ങൾ സപ്ലൈകോയ്ക്ക് നൽകാത്തതും ടെൻഡർ നടപടി വൈകുന്നതുമാണു പ്രതിസന്ധിക്കു പ്രധാന കാരണം. വിപണി ഇടപെടലിനു വേണ്ടി സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം കൃത്യമായി ലഭിക്കാത്തത് സപ്ലൈകോയെയും പ്രതിസന്ധിയിലാക്കുന്നു.

കണ്ണൂർ ഡിപ്പോയിൽ മട്ട അരി, ജയ അരി, പച്ചരി, തുവരപ്പരിപ്പ്, ഉഴുന്ന്, മുളക്, വൻപയർ എന്നിവ സ്റ്റോക്കില്ല. കുറുവ അരി ഉണ്ടെങ്കിലും സാധാരണ പോലെ ലഭ്യമല്ല. തളിപ്പറമ്പ് ഡിപ്പോയിൽ മട്ട അരി, കുറുവ അരി, ജയ അരി, പച്ചരി, തുവരപ്പരിപ്പ്, മുളക്, വൻപയർ, കടല എന്നിവയും തലശ്ശേരി ഡിപ്പോയിൽ മട്ട അരി, പച്ചരി, തുവരപ്പരിപ്പ്, ഉഴുന്ന്, മുളക്, വൻപയർ എന്നിവയും ഇല്ല.

പൊതുവിപണിയിൽ മട്ട അരിക്ക് 49 മുതൽ 55 വരെയും ജയ അരിക്ക് 50 മുതൽ 55 വരെയും കുറവയ്ക്ക് 40 മുതൽ 60 വരെയും പച്ചരിക്ക് 30 മുതൽ 32 വരെയും വിലയുണ്ട്. തുവരപ്പരിപ്പിന് 150 ഉം കടലയ്ക്ക് 76 ഉം ഉഴുന്നിന് 122 ഉം മുളകിന് 350 ഉം ആണ് വില. മട്ട അരി 24 രൂപയ്ക്കും ജയ അരിയും കുറുവയും 25 നും പച്ചരി 23 രൂപയ്ക്കുമാണ് സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിന്ന് നൽകുന്നത്. തുവരപ്പരിപ്പ് 65 രൂപയ്ക്കും കടല 43 രൂപയ്ക്കും ഉഴുന്ന് 66 രൂപയ്ക്കും മുളക് 75 രൂപയ്ക്കും ലഭിക്കുന്നു.

സബ്സിഡി സാധനങ്ങൾ ഇല്ലാതായതോടെ പൊള്ളുന്ന പച്ചക്കറി വിലയോടൊപ്പം പലവ്യഞ്ജനങ്ങളും പൊതുവിപണിയിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.വിലക്കയറ്റം: പരിശോധന തുടങ്ങി

കണ്ണൂർ∙ കരിഞ്ചന്തയും വിലക്കയറ്റവും തടയാൻ ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി. കണ്ണൂർ പച്ചക്കറി മാർക്കറ്റിലെ പത്തോളം കടകൾ പരിശോധിച്ചു. ഇന്നലെ ഇവിടെ ഒരു കിലോ തക്കാളിക്ക് 90 മുതൽ 95 രൂപ വരെയും ചെറിയ ഉള്ളിക്ക് 180 മുതൽ 185 രൂപ വരെയുമാണു വില.

അടുത്തടുത്തുള്ള കടകളിൽ 5 രൂപയുടെ വ്യത്യാസം അനാവശ്യമാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസർ എം.സുൽഫിക്കർ പറഞ്ഞു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കും. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇന്നു മുതൽ‍ പരിശോധന ശക്തമാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!