ആശ്രിത നിയമനം നേടിയവർ ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം പോകും

തിരുവനന്തപുരം: സമാശ്വാസതൊഴിൽദാന പദ്ധതിപ്രകാരം നിയമനം നേടുന്നവർ ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം തിരികെപ്പിടിക്കും. അടിസ്ഥാന ശമ്പളത്തിൽനിന്ന് 25 ശതമാനം തുക തിരികെപ്പിടിച്ച് അർഹരായ ആശ്രിതർക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
അംഗപരിമിതരായ ആശ്രിതർക്ക് 17 വയസ്സുവരെ നൽകിവരുന്ന സംരക്ഷണം അതുകഴിഞ്ഞും തുടരണമെന്ന നിർദേശവും വ്യവസ്ഥയിൽ ഉൾപ്പെടുത്തും.
ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി വാങ്ങിയശേഷമാണ് മരണമടഞ്ഞവരുടെ ബന്ധുവിന് സർക്കാർ നിയമനം നൽകുന്നത്. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവ നൽകി ആശ്രിതരെ സംരക്ഷിക്കണമെന്നാണ് വ്യവസ്ഥ. നിയമനം നേടിയശേഷം പലരും ഈ വ്യവസ്ഥകൾ ലംഘിക്കുന്നതായി പരാതികളുയരുന്ന സാഹചര്യത്തിലാണിത്.
ജോലിനേടിയശേഷം ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ ജീവനക്കാരനെതിരേ നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. തഹസിൽദാർ അന്വേഷണം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശമ്പളവിഹിതം എല്ലാമാസവും പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്നുമാസത്തിനകം ജില്ലാകളക്ടർക്ക് അപ്പീൽ നൽകാം. പരാതിയിൽ ജില്ലാകളക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
അതേസമയം, ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ ഈ സംരക്ഷണം ലഭിക്കില്ല. എന്നാൽ, സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ആശ്രിതർക്ക് സംരക്ഷണത്തിന് അവകാശമുണ്ട്. അങ്ങനെയുള്ളവരെ സംരക്ഷിക്കാൻ ജീവനക്കാരൻ ബാധ്യസ്ഥനുമാണ്.