കരൾ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് ; 25 കാരൻ പിടിയിൽ

അവയവം ദാനംചെയ്യാമെന്നുപറഞ്ഞ് രോഗികളിൽനിന്നും അവരുടെ ബന്ധുക്കളിൽനിന്നും പണംതട്ടിയ കാസർകോട് സ്വദേശി അറസ്‌റ്റിൽ. ബളാൽ വില്ലേജിലെ പാറയിൽ വീട്ടിൽ പി കെ സബിനെയാ (25)ണ് ചേരാനല്ലൂർ പൊലീസ് അറസ്‌റ്റ് ചെ യ്‌തത്.
എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കരൾരോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയിൽനിന്ന് കരൾ വാഗ്‌ദാനം ചെയ്‌ത് ഇയാൾ പണംതട്ടുകയായിരുന്നു. രോഗി ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരനാണ്. സബിന്റേത് ബി പോസിറ്റീവും. ഒ പോസിറ്റീവായ സുഹൃത്തിനെ ലാബിലയച്ച് റിപ്പോർട്ട് സംഘടിപ്പിച്ച് സബിൻ രോഗിയിൽനിന്ന് 32,100 രൂപ തട്ടുകയുമായിരുന്നു.
ആശുപത്രിയിൽ സബിന്റെ രക്തം പരിശോധിച്ചപ്പോൾ ബി പോസിറ്റീവ് ഫലം ലഭിച്ചു. ഇതോടെ സബിൻ മറ്റൊരാശുപത്രിയിൽച്ചെന്ന് വ്യാജമായി ചമച്ച രക്തപരിശോധനാ ഫലങ്ങൾ അവിടെ സമർപ്പിച്ചു. രക്തപരിശോധനാ ഫലവുമായി ബന്ധപ്പെട്ട് നേരത്തേനടന്ന കാര്യങ്ങൾ രോഗിയും ബന്ധുക്കളും ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. അധികൃതർ ഇക്കാര്യം അവിടെ സബിൻ ബന്ധപ്പെട്ട രോഗിയെയും ബന്ധുക്കളെയും അറിയിച്ചു. വിവരം ലഭിച്ച ചേരാനല്ലൂർ പൊലീസ് സ്ഥലത്തെത്തി സബിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് വൃക്കയും തകരാറിലായ തൃശൂർ സ്വദേശിനിയെയും ഇയാൾ പറ്റിച്ചതായി ചോദ്യംചെയ്യലിൽ വെളിപ്പെട്ടു. പ്രതിയെ റിമാൻഡ് ചെയ്‌തു.
വിദേശജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗാർഥികളെയും കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്. തട്ടിപ്പിനിരകളായവരിൽ ഭൂരിഭാഗവും കോട്ടയം സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിദേശത്ത് നഴ്‌സിങ് ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. അവയവദാന തട്ടിപ്പിൽ സബിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പിടിയിലായ സമയം അവിടെ നഴ്‌സ് തസ്‌തികയിൽ അഭിമുഖത്തിനെത്തിയ കോട്ടയം സ്വദേശിനിയുടെ ശ്രദ്ധയിൽ ഇക്കാര്യംപെട്ടു. സബിന്റെ ജോലിത്തട്ടിപ്പിന്റെ ഇരകളിലൊരാളാണ് താനെന്ന് പൊലീസിനെ അറിയിച്ചു. 18,000 രൂപ തട്ടിയെടുത്തതായും വ്യക്തമാക്കി. സബിനെ കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ കൂടുതൽപേരെ ഇത്തരത്തിൽ പറ്റിച്ചതായി വിവരം ലഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.