റോഡിലും പുഴയിലുമായി തള്ളിയത് ഒരുലോഡ് ആക്രിമാലിന്യം; പ്രതിയെ പിടികൂടി, മാലിന്യം കോരിമാറ്റി

Share our post

പിറവം: രാമമംഗലം മെതിപാറയില്‍ പുഴയിലും റോഡിലുമായി ആക്രിമാലിന്യങ്ങള്‍ തള്ളിയ പ്രതി പോലീസിന്റെ പിടിയില്‍. പൂത്തൃക്ക പെരുമ്പായിപടിക്ക് അടുത്ത് പോത്തനാട്ട് എല്‍ദോ ജേക്കബ്ബാ (38) ണ് പിടിയിലായത്. മാലിന്യം തള്ളിയ ലോറിയും പിന്നീട് കസ്റ്റഡിയിലെടുത്തു.

എന്നാല്‍, പ്രതിയെ മെതിപാറയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്താനും വാഹനം പിടികൂടാനും മാലിന്യം കോരി മാറ്റാനും വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടര്‍ന്ന് മെതിപാറയില്‍ നാട്ടുകാര്‍ ബുധനാഴ്ച സന്ധ്യക്ക് റോഡ് ഉപരോധിച്ചു.

കോലഞ്ചേരി കിടാച്ചിറയിലെ ആക്രിക്കടയില്‍ നിന്ന് ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റിവിട്ട ഒരു ലോഡ് ആക്രിമാലിന്യമാണ് മെതിപാറയില്‍ തള്ളിയത്. വാടകയ്ക്ക് എടുത്ത ടോറസ് ലോറിയില്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ മെതിപാറയില്‍ പുഴയില്‍ തള്ളാനായിരുന്നു നീക്കം.

ടോറസ് റോഡില്‍ വട്ടം തിരിച്ചുനിര്‍ത്തി മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ച് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. തുടര്‍ന്ന് മാലിന്യം റോഡില്‍ത്തന്നെ തള്ളുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒന്നിനുശേഷമാണ് സംഭവം. പുഴയോരത്തും റോഡിലുമായി മാലിന്യങ്ങള്‍ കുന്നുകൂടി കിടന്നത് ഗതാഗതം തടസ്സപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിനെത്തിയവരാണിത് കണ്ടത്. മാലിന്യങ്ങള്‍ ഒരുവശത്തേക്ക് തള്ളിനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാമമംഗലം പോലീസും പഞ്ചായത്ത് അംഗങ്ങളായ എം.യു. സജീവ്, ജിജോ ഏലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാലിന്യം കയറ്റി വിട്ട ആക്രിക്കട തിരിച്ചറിഞ്ഞു.

ആക്രിക്കടയിലെ പലവിധ മാലിന്യങ്ങള്‍ 4,000 രൂപ നല്‍കി ടോറസില്‍ കയറ്റി അയച്ചതാണെന്ന് കടയുടമ മൊഴി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി പിടിയിലായി. കോലഞ്ചേരി ബ്ലോക്ക് ഓഫീസിനടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും മാലിന്യം തള്ളിയതായി കണ്ടെത്തി.

ഉച്ചയോടെ പ്രതിയെ പിടികൂടിയെങ്കിലും ടോറസ് പിടികൂടാന്‍ വൈകി. വൈകീട്ട് പ്രതിയെ എത്തിക്കാതെ മാലിന്യങ്ങള്‍ വാരി കയറ്റി കൊണ്ടുപോകാന്‍ നടത്തിയ ശ്രമം നാട്ടുകര്‍ തടഞ്ഞു. പ്രതിയുടെ പേരില്‍ പൊതുനിരത്തില്‍ മാലിന്യം തള്ളിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പുഴയിലും പൊതുനിരത്തിലും മാലിന്യം തള്ളിയതിനും പഞ്ചായത്ത് 25,000 രൂപ പിഴയിട്ടു.

പ്രതിയെക്കൊണ്ടുതന്നെ മാലിന്യം വാരി മാറ്റിക്കുമെന്നു പറഞ്ഞ പോലീസ് അത് ചെയ്യിക്കാത്തതും സംശയമുയര്‍ത്തി. തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എല്‍ദോ, സാമൂഹിക പ്രവര്‍ത്തകന്‍ ബിന്നി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകീട്ട് ഏഴോടെ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.

പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് പ്രശ്‌നം ഒത്തുതീര്‍ത്തത്. അതിനിടെ മാലിന്യങ്ങള്‍ കടത്തിയ ടോറസ് ലോറി രാത്രി വൈകി സ്റ്റേഷനിലെത്തിച്ചു. ടോറസ് മെതിപാറയിലെത്തിച്ച് മാലിന്യങ്ങള്‍ കോരി മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അത് സമ്മതിച്ച പോലീസ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാട്ടുകാര്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി വൈകിയാണ് പ്രതിയെ മെതിപാറയിലെത്തിച്ചത്. ടോറസ് ലോറി സ്ഥലത്ത് കൊണ്ടുവന്ന് മാലിന്യങ്ങള്‍ കോരി മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!