അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍, അഞ്ച് പേരെ വെറുതെ വിട്ടു

Share our post

കൊച്ചി: മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവരടക്കം ആറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

അഞ്ച് പേരെ വെറുതേ വിട്ടു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പ്രതികളുടെ ശിക്ഷ കോടതി വിധി പ്രസ്താവിക്കും.

ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നീ അഞ്ച് പ്രതികളെയാണ് കോടതി വെറുതേ വിട്ടത്‌

2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജേക്കബിന്റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു.

കുറ്റകൃത്യത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് 2011-ൽ കേസിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ 2015-ൽ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ നിന്ന് 18 പേരെ ഒഴിവാക്കിയിരുന്നു. പത്ത് പ്രതികൾക്ക് എട്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!