വെറുതേ കിടന്ന റവന്യു ഭൂമി ഉപയോഗപ്പെടുത്തി; കീഴൂർ വില്ലേജ് ഓഫിസിന് കെട്ടിടമായി

ഇരിട്ടി: നഗര ഹൃദയത്തിൽ പതിറ്റാണ്ടുകളായി അനാഥമായി കിടന്ന റവന്യു ഭൂമി ഉപയോഗപ്പെടുത്തി കീഴൂർ വില്ലേജ് ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയാക്കി. പഴയ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള റവന്യു സ്ഥലത്താണ് കെട്ടിടം പണിതത്.
40 ലക്ഷം രൂപ കെട്ടിടം പണിയാനും 4 ലക്ഷം രൂപ ഫർണിച്ചർ, ഇതര സൗകര്യങ്ങൾ എന്നിവ ഒരുക്കാനുമാണ് അനുവദിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.
കീഴൂർ വില്ലേജ് ഓഫിസ് നിലവിൽ പുന്നാട് ആണു പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണു ഇരിട്ടി താലൂക്ക് കേന്ദ്രത്തിൽ നിലവിൽ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമി ഉപയോഗപ്പെടുത്തി കെട്ടിടം പണിതത്. 2 നിലയായി പണിത കെട്ടിടത്തിന്റെ റോഡ് നിരപ്പിലുള്ള ഭാഗത്ത് ഓഫിസ് പ്രവർത്തിക്കും.
അടി നില പാർക്കിങ്ങിന് ഉപയോഗിക്കും. പഴശ്ശി സംഭരണി പ്രദേശത്തോട് ചേർന്നു കിടക്കുന്ന ഭൂമിയെന്ന കരുതലിൽ വെള്ളക്കെട്ട് ഭീഷണി സൃഷ്ടിക്കാത്ത വിധം ആണു നിർമാണം.