പണം മുന്‍കൂര്‍ നല്‍കാത്തതിനാല്‍ ആംബുലന്‍സ് ഓടിയില്ല; രോഗി മരിച്ചു, ഡ്രൈവർക്കെതിരെ പരാതി

പറവൂർ: ആംബുലൻസ് ചാർജിന് വേണ്ടിയുള്ള തർക്കംമൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ വയോധിക മരിച്ചു. മരണത്തിൽ താലൂക്ക് ഗവ. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയുണ്ടെന്ന് കാട്ടി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) യാണ് ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. ആംബുലന്‍സ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു.
അസ്മയുടെ ചെറുമകൻ കെ.എ. മനാഫ്, വാർഡ് മെംബർ വി.എ. താജുദ്ദീൻ എന്നിവർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. കടുത്ത പനിമൂലം ചൊവ്വാഴ്ച രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രോഗം കൂടുതലായതിനാൽ, എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശം നൽകി. രോഗിയെ ആശുപത്രിയുടെ ആംബുലൻസിൽ കയറ്റിയെങ്കിലും വാഹന വാടകയായ 900 രൂപ തന്നാൽ മാത്രമേ കൊണ്ടുപോകൂ എന്ന് ഡ്രൈവർ പറഞ്ഞതായി പരാതിയിൽ പറയുന്നു. ഈ സമയം കൂടെയുള്ളവരുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. രോഗിയെ എത്തിച്ച ശേഷം നൽകാം എന്ന് പറഞ്ഞെങ്കിലും ഡ്രൈവർ വഴങ്ങിയില്ല. അര മണിക്കൂറിനു ശേഷം നീണ്ടൂരുള്ള വീട്ടിലെത്തി പണം എടുത്ത് ഡ്രൈവർക്ക് നൽകിയതിനെ തുടർന്നാണ് രോഗിയെയും കൊണ്ട് ജനറൽ ആശുപത്രിയിലേക്ക് പോകാൻ ഡ്രൈവർ തയ്യാറായത്.
ആശുപത്രിയിൽ എത്തി മിനിറ്റുകൾക്കകം അസ്മ മരിച്ചു. സാമ്പത്തിക കാര്യങ്ങളിൽ നിർബന്ധം കാണിച്ച് കൊണ്ടുപോകാൻ താമസിച്ചതാണ് മരിക്കാൻ കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുറ്റക്കാരനായ ഡ്രൈവർക്കെതിരേ നടപടി എടുക്കണമെന്നാണ് ആവശ്യം. അസ്മയുടെ ഭർത്താവ്: പരേതനായ അലി. മക്കൾ: അബൂബക്കർ, സുൽബത്ത്. മരുമക്കൾ: സുഹ്‌റ, ഹനീഫ.