സീറ്റ് ബെല്‍റ്റ് അലാറം മറികടക്കാന്‍ സ്‌റ്റോപ്പര്‍, വില്‍ക്കുന്നവര്‍ കുടുങ്ങും, നടപടി തുടങ്ങി

Share our post

തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന മുന്നറിയിപ്പ് അലാറം നിര്‍ത്താനുള്ള സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ ഇനി നിയമനടപടി നേരിടേണ്ടിവരും. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന തടയണമെന്ന കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ ഉത്തരവ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലേക്കും കൈമാറി. നീതിയുക്തമല്ലാത്ത വ്യാപാരസമ്പ്രദായം എന്നു വിലയിരുത്തിയാണ് ഉത്തരവ്.

സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പാണ് ജില്ലകളിലേക്ക് ഉത്തരവ് കൈമാറിയിരിക്കുന്നത്. സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ എന്നിവിടങ്ങളില്‍ ഉത്തരവ് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്തരം ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍നിന്ന് നീക്കണം എന്ന ഉത്തരവിനു പിന്നാലെയാണിത്. അലാറം സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ ജീവനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് നടപടി.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയമാണ് ഇ കൊമേഴ്സ് സൈറ്റ് വഴി സീറ്റ് ബെല്‍റ്റ് അലാറം സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ വില്‍ക്കുന്നത് കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നിയമപ്രകാരം ഡ്രൈവറും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നത് നിര്‍ബന്ധമാണ്.

ജീവന് ഭീഷണിയാകുന്ന ഉത്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ നിയമം അനുവദിക്കുന്നുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ഉപഭോക്തൃ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈനില്‍ പരാതി നല്‍കാം. ഫോണ്‍: 1915. www.edaakhil.nic.in എന്ന പോര്‍ട്ടല്‍ വഴിയും com-ccpa@nic.in എന്ന ഇ-മെയില്‍ വിലാസത്തിലും പരാതിനല്‍കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!