തിയേറ്ററുകള്‍ക്കകത്തെ ഭക്ഷണത്തിന് റെസ്റ്റോറന്റിലെ വില; ക്യാന്‍സര്‍ മരുന്നുകള്‍ക്കും വിലകുറയും
ന്യൂഡല്‍ഹി: നികുതിവെട്ടിപ്പ് തടയാന്‍ രണ്ടുലക്ഷം രൂപയോ അതിലേറെയോ വിലവരുന്ന സ്വര്‍ണത്തിനും രത്‌നക്കല്ലുകള്‍ക്കും ഇ-വേ ബില്‍ നിര്‍ദേശം നടപ്പാക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം. കേരളത്തില്‍ രണ്ടെണ്ണമടക്കം സംസ്ഥാനങ്ങളില്‍ ജി.എസ്.ടി. തര്‍ക്കപരിഹാരങ്ങള്‍ക്കായി ട്രിബ്യൂണലുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.
ഓണ്‍ലൈന്‍ ഗെയിം, ചൂതാട്ടകേന്ദ്രം, കുതിരപ്പന്തയം എന്നിവയ്ക്ക് 18 ശതമാനമായിരുന്ന നികുതി 28 ശതമാനമാക്കി. സിനിമാ തിയേറ്ററുകള്‍ക്കകത്തെ ഭക്ഷണസാധനങ്ങള്‍ക്കും പാനീയങ്ങള്‍ക്കും റെസ്‌റ്റോറന്റിലെ വിലയ്ക്ക് നല്‍കാനാണ് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം. ഇത്തരം ഭക്ഷണസാധനങ്ങളുടെ നികുതി അഞ്ചുശതമാനമാക്കി. അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിനും ഗുരുതര രോഗങ്ങളുടെ ചികിത്സയിലുപയോഗിക്കുന്ന പ്രത്യേക പോഷകഗുണങ്ങളുള്ള ദ്രാവകൗഷധങ്ങള്‍ക്കും ഇറക്കുമതി ജി.എസ്.ടി. ഒഴിവാക്കി.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സിലിന്റെ അമ്പതാം യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. രണ്ടുലക്ഷം രൂപയോ അതിലേറെയോ വിലവരുന്ന സ്വര്‍ണത്തിനും രത്‌നക്കല്ലുകള്‍ക്കും ഇ-വേ ബില്‍ നടപ്പാക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് ശുപാര്‍ശ ചെയ്തത്.