മെഡിക്കൽ പി.ജി. പ്രവേശനം: ജൂലായ് 18 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2023 അടിസ്ഥാനമാക്കി കേരളത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകളിലെ 2023-ലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ജൂലായ് 18-ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. നേരത്തെ ജൂലായ് 12 ആയിരുന്നു അവസാന തീയ്യതി.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജണൽ കാൻസർ സെൻറർ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകൾ, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് മെഡിക്കൽ കോളേജുകളിലെ മൈനോറിറ്റി, എൻ.ആർ.ഐ. സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകൾ എന്നിവയാണ് ഈ അലോട്‌മെന്റിന്റെ പരിധിയിൽ വരുന്നത്.
2023-ലെ നീറ്റ് പി.ജി. യോഗ്യത നേടിയിരിക്കണം: ജനറൽ/ഇ.ഡബ്ല്യു.എസ്.-50-ാം പെർസന്റൈൽ (800-ൽ 291 മാർക്ക്), എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. (ഈ വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. ഉൾപ്പെടെ)-40-ാം പെർസന്റൈൽ (257), യു.ആർ. പി.ഡബ്ല്യു.ഡി.-45-ാം പെർസന്റൈൽ (274)
നീറ്റ് പി.ജി. 2023 റാങ്ക്/സ്കോർ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കി, കേന്ദ്രീകൃത അലോട്മെൻറ് വഴി പ്രവേശനപരീക്ഷാ കമ്മിഷണർ അലോട്മെൻറ് നടത്തും.
യോഗ്യത: അംഗീകൃത എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണൽ എം.ബി.ബി.എസ്. പാസ് സർട്ടിഫിക്കറ്റോ വേണം. നാഷണൽ മെഡിക്കൽ കമ്മിഷൻ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പെർമനൻറ്/പ്രൊവിഷണൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഒരുവർഷ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. ഓഗസ്റ്റ് 11-നകം ഇത് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. അവർക്ക് ടി.സി. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭിച്ചശേഷമേ പ്രവേശനം നൽകൂ.
സർവീസ് വിഭാഗക്കാർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. മെഡിക്കൽ എജ്യുക്കേഷൻ സർവീസ് ക്വാട്ട അപേക്ഷകർക്ക് 49-ഉം ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ക്വാട്ട അപേക്ഷകർക്ക് 47-ഉം വയസ്സായിരിക്കും 31.12.2023-ലെ ഉയർന്ന പ്രായപരിധി. കോഴ്സ് കഴിഞ്ഞ് 10 വർഷത്തെ സേവനകാലയളവ് ഇവർക്ക് ഉണ്ടായിരിക്കണം. സർവീസ് അപേക്ഷകർ ഓൺലൈൻ അപേക്ഷ നൽകിയശേഷം, അപേക്ഷയുടെ പ്രിൻറ് ഔട്ട്, അനുബന്ധരേഖകൾ സഹിതം, അവരുടെ വകുപ്പുമേധാവിക്ക് ജൂലായ് 12-ന് വൈകീട്ട് അഞ്ചിനകം നൽകണം.