വെള്ളിത്തിരയിലേക്ക്‌ ആതിര വരവായി

Share our post

പാനൂർ : ചലച്ചിത്ര സംവിധാനരംഗത്ത്‌ തന്റേതായ ഇടം കണ്ടെത്തുകയാണ്‌ പാനൂർ തൂവക്കുന്നിലെ ടി.എൻ. ആതിര. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട്‌ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ വർഷം നിർമാണ സഹായമേകുന്ന രണ്ടു തിരക്കഥകളിൽ ഒന്ന്‌ ‘കഫേ അൺലിമിറ്റഡ്’ എന്ന ആതിരയുടെ തിരക്കഥയാണ്. പാലക്കാട് സ്വദേശിനി മിനി പൂങ്ങാട്ടിന്റെ ‘കൂത്ത്’ ആണ് രണ്ടാമത്തെ തിരക്കഥ.

1.50 കോടിയുടെ ഫണ്ടുപയോഗിച്ച് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സിനിമയാണ് സംവിധാനം ചെയ്യേണ്ടത്. ഇതിനുതകുന്ന തിരക്കഥയായിരുന്നു ആവശ്യം. ഈ വർഷം ചലച്ചിത്ര കോർപ്പറേഷന് ലഭിച്ച അറുപതോളം തിരക്കഥകളിൽനിന്നാണ് പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ‘കഫേ അൺലിമിറ്റഡ്’ തിരഞ്ഞെടുത്തത്. സിനിമയിലൂടെ അമ്മയുടെയും മകളുടെയും ഹൃദയബന്ധങ്ങളുടെ കഥ പറയാനുള്ള തയ്യാറെടുപ്പിലാണ് ആതിര.

കോർപ്പറേഷൻ ഡയറക്ടർ ബോർഡ് നിയോഗിക്കുന്ന ചലച്ചിത്ര വിദഗ്‌ധർ ഉൾപ്പെട്ട ജൂറി വിവിധ ഘട്ടങ്ങളിലായാണ്‌ വിലയിരുത്തലുകൾ നടത്തുന്നത്‌. ആദ്യഘട്ടത്തിൽ തിരഞ്ഞടുത്ത 15 പേർക്ക് ശിൽപ്പശാല നടത്തി, അതിൽനിന്ന്‌ മികച്ച പ്രസന്റേഷനും സബ്മിഷനും അവതരിപ്പിച്ച അഞ്ച് പേരിൽനിന്നാണ് ആതിരയെ തെരഞ്ഞെടുത്തത്.

ബി-ടെക് ബിരുദധാരിയായ ആതിര എറണാകുളം ഇ.വി (അർനെസ്റ്റ് ആൻഡ് യങ്) കമ്പനിയിലാണ് ജോലി ചെയ്യുന്നത്. യു.പി സ്കൂൾ പഠനസമയത്ത് അച്ഛന്റെ നാടകത്തിലൂടെയാണ് അരങ്ങേറ്റം. ഹൈസ്കൂളിൽ എത്തിയതോടെ സ്വന്തമായി നാടകം രചിക്കുകയും സംവിധാനവും ചെയ്‌തു. ഈ വർഷം തൃശൂരിൽ നടന്ന അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവലിൽ ശ്രദ്ധേയമായ ‘നിലവിളികൾ -മർമരങ്ങൾ – ആക്രോശങ്ങൾ ‘ നാടകത്തിൽ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ കൈയ്യടി നേടി. വിഷുവിന് റിലീസായ ‘മദനോത്സവം’ എന്ന സിനിമയിൽ സുഭദ്രയായി ശ്രദ്ധേയമായ വേഷംചെയ്തു. നാടക, ഗ്രന്ഥശാല പ്രവർത്തകനും റിട്ട. അധ്യാപകനുമായ ടി.എൻ. രാമദാസിന്റെയും അധ്യാപിക എൻ.പി. അജിതയുടെയും മകളാണ്. സഹോദരൻ ടി.എൻ. സൗരവ് ദാസ് സിനിമയിൽ അസി. ക്യാമറമാനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!