38 മരങ്ങൾ അപകടനിലയിൽ; മുറിച്ചുമാറ്റാൻ പോലീസ് നിർദേശം

കണ്ണൂർ : കാറ്റും മഴയും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ പോലീസ് നിർദേശം നൽകി.കൂടാതെ റോഡിലെ കുഴിയടച്ച് അപകടമൊഴിവാക്കാനും നിർദേശമുണ്ട്.
കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ ഇതുസംബന്ധിച്ച് കളക്ടർ, പോലീസ് കമ്മിഷണർ, പി.ഡബ്ല്യു.ഡി. എൻജിനിയർ, ദേശീയപാതാ അതോറിറ്റി എന്നിവർക്ക് റിപ്പോർട്ട് നൽകി.
പള്ളിക്കുന്ന് മുതൽ താഴെചൊവ്വ വരെയുള്ള 28 സ്ഥലങ്ങളിൽ 38 മരങ്ങൾ അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ടിലുണ്ട്.കൂടാതെ ഇത്രയും സ്ഥലങ്ങളിൽ റോഡിൽ ഏഴ് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കുഴിയടക്കാനും നടപടി ഉണ്ടാകണം.
കഴിഞ്ഞദിവസം പള്ളിക്കുന്നിൽ കൂറ്റൻ മരം റോഡിൽ കടപുഴകിവീണ് മണിക്കുറുകളോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.ഇതിനോടുചേർന്നുള്ള മരങ്ങളും അപകടാവസ്ഥയിലാണ്.
റോഡുകളിൽ രൂപപ്പെട്ട കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടം നടക്കുന്നത് നിത്യസംഭവമായിട്ടുണ്ട്.ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പോലീസ് രംഗത്തിറങ്ങിയത്.