ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ റിട്ട. എസ്.പി. ലക്ഷങ്ങള്‍ തട്ടിയതായി പരാതി; കേസെടുത്ത് പോലീസ്

Share our post

കൊച്ചി: ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ റിട്ട. എസ്.പി. ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചൊവ്വര സ്വദേശിയുടെ പരാതിയില്‍ റിട്ട. എസ്.പി. സുനില്‍ ജേക്കബ്ബിനെതിരേ കാലടി പോലീസ് കേസെടുത്തു. രണ്ട് കേസുകളുടെ പേരില്‍ 6.70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

സോഫ്റ്റ് വെയര്‍ റൈറ്റ്‌സ് വില്‍പനയിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്നും മറ്റു ചിലര്‍ 3.25 കോടി രൂപ തട്ടിയിരുന്നു. ഇതു സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ ഇടനിലക്കാരനായി നിന്ന് പണം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സുനില്‍ ജേക്കബ് പണം വാങ്ങിയത്.

ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും പല കേസുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. താന്‍ ഇപ്പോഴും എസ്.പി.യാണെന്ന് സുനില്‍ ജേക്കബ് പറഞ്ഞതായും പരാതിയിലുണ്ട്.

നഷ്ടപ്പെട്ട തുകയുടെ മുപ്പത് ശതമാനമാണ് കമ്മീഷനായി ‘ഇന്‍വിസിബിള്‍ സ്പൈ വര്‍ക്ക്’ എന്ന സ്ഥാപനത്തിന്റെ മറവില്‍ സുനില്‍ ജേക്കബ് ആവശ്യപ്പെട്ടത്. വ്യവസ്ഥകള്‍ കാണിച്ച് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. അക്കൗണ്ട് വഴിയും നേരിട്ടുമാണ് പരാതിക്കാരന്‍ പണം നല്‍കിയത്. കലൂരിലുള്ള ഫ്‌ളാറ്റില്‍ വച്ചാണ് പരാതിക്കാരന്‍ സുനില്‍ ജേക്കബിനെ കണ്ടതെന്നും എസ്.പിയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.

പണം നഷ്ടപ്പെട്ടതിന് തന്റെ ഏജന്‍സി പരിഹാരം ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞ് അമ്പതിനായിരം രൂപ വാങ്ങി. സമാന സ്വഭാവമുള്ള മറ്റൊരു കേസിലേക്ക് ആറ് ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും തട്ടിയെടുത്തു.

കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ ചൊവ്വര സ്വദേശി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി ചതിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് സമാനമായ തട്ടിപ്പിനിരയായവര്‍ 0484 2462360 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കാലടി പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!