കണ്ണൂർ ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും

കണ്ണൂർ : ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്‌ച തുടങ്ങും. സംസ്ഥാനത്ത് കഴിഞ്ഞ ബുധനാഴ്‌ചയാണ് ക്ലാസുകൾ തുടങ്ങിയത്. കനത്ത മഴ കാരണം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനാലാണ് കണ്ണൂർ ഉൾപ്പെടെയുള്ള ചില ജില്ലകളിൽ ക്ലാസ് തുടങ്ങാൻ വൈകിയത്. 28,113 പേരാണ് ജില്ലയിൽ ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയത്.
ഹയർ സെക്കൻഡറി ഏകജാലക സംവിധാനം വഴി മെറിറ്റിൽ പ്രവേശനം നേടിയത് 25091 പേർ. സ്‌പോർട്‌സ് ക്വാട്ടയിൽ 260 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 1148 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ 1277 പേരും അൺഎയ്‌ഡഡ് ക്വാട്ടയിൽ 337 പേരും പ്രവേശനം നേടി.
സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയം തിങ്കൾ വൈകിട്ട് അഞ്ചോടെ സമാപിക്കും. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാം. തെറ്റായ വിവരം അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും തെറ്റ് തിരുത്തി അപേക്ഷിക്കാം.
34975 പേരാണ് ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയത്. 34877 സീറ്റാണ് ജില്ലയിലുള്ളത്. അധിക ബാച്ചുകളിലെ 585 അടക്കമാണിത്.