മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിൽ അതിരുകല്ലിടൽ നിലച്ചു

Share our post

പേരാവൂർ : നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകൾക്ക് അതിരുകല്ലിടുന്ന പണി പാതിവഴിയിൽ നിലച്ചു. 2023 മാർച്ച് 31-നകം അതിരുകല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കി സാമൂഹികാഘാതപഠനവും സ്ഥലമേറ്റെടുപ്പും നടക്കേണ്ടതായിരുന്നു.

ഇതോടെ നിർദിഷ്ടപാതയുടെ ഇരുവശവുമുള്ള ഭൂവുടമകൾക്ക് പുതിയ കെട്ടിടമോ വീടോ നിർമിക്കാൻ ഇനിയും ഏറെനാൾ കാത്തിരിക്കേണ്ടിവരും. നിർദിഷ്ട പാതയോരത്തെ നിർമിതികൾക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നിഷേധിക്കാൻ തുടങ്ങിയിട്ട് നാലുവർഷത്തിലേറേയായെന്നാണ് ഭൂവുടമകളുടെ ആരോപണം.

63.5 കിലോമീറ്റർ നീളമുള്ള പാതയിൽ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള 40 കിലോമീറ്റർ പാതയുടെ 90 ശതമാനത്തോളം ഭാഗം അതിരുകല്ല്‌ സ്ഥാപിച്ചിട്ട് മാസങ്ങളായി. ഈ പാതയിൽ അഞ്ചിടങ്ങളിൽ സമാന്തരപാതകളാണ് നിർമിക്കുന്നത്.

കേളകം ടൗണിനെ ഒഴിവാക്കി വില്ലേജ് ഓഫീസ് മുതൽ മഞ്ഞളാംപുറം യു.പി. സ്കൂൾ വരെ 1.125 കിലോമീറ്റർ, പേരാവൂർ ടൗണിനെ ഒഴിവാക്കി കൊട്ടംചുരം മുതൽ തെരുവരെ 2.525 കിലോമീറ്റർ, തൃക്കടാരിപ്പൊയിലിൽ 550 മീറ്റർ, മാലൂരിൽ 725 മീറ്റർ, ശിവപുരം മുതൽ മട്ടന്നൂർ വരെ 4.495 കിലോമീറ്റർ എന്നിങ്ങനെയാണ് സമാന്തര പാതകൾ നിർമിക്കുന്നത്. ഇതിൽ കേളകം, തൃക്കടാരിപ്പൊയിൽ, മാലൂർ, ശിവപുരം എന്നീ സമാന്തരപാതകളുടെ അതിരുകൾ അളന്ന് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ, പേരാവൂർ ടൗണിനെ ഒഴിവാക്കിയുള്ള സമാന്തരപാതയുടെ കുറ്റി അടയാളപ്പെടുത്തൽ പോലും ഇനിയും നടന്നിട്ടില്ല.

കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പണിയുടെ കരാറുകാർ ബെംഗളൂരു ആസ്ഥാനമായുള്ള ഐഡെക് എന്ന സ്വകാര്യ കമ്പനിയാണ്. ഇവരിൽനിന്ന്‌ ഉപകരാറെടുത്ത ജെ ആൻഡ് ജെ എന്ന കമ്പനിയാണ് അതിരുകല്ല്‌ സ്ഥാപിക്കുന്നത്.

സ്വകാര്യ കമ്പനി പണി ഉപേക്ഷിച്ചുപോയിട്ടും പുനരാരംഭിക്കാനുള്ള നടപടികൾ കെ.ആർ.എഫ്.ബി.യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!