കുട്ടി വണ്ടിയോടിച്ചാൽ മാതാപിതാക്കളുടെ പോക്കറ്റ് കീറും; ഇരുചക്രവാഹനമോടിച്ചതിന് പിഴയായി ഈടാക്കിയത് രണ്ടര ലക്ഷം രൂപ

ചെർപ്പുളശ്ശേരി: എ.ഐ ക്യാമറ കൊണ്ടല്ല, പൊലീസ് നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് ചെർപ്പുളശ്ശേരി പൊലീസ്. രണ്ട് മാസത്തിനിടെ ഇരു ചക്രവാഹനമോടിച്ചതിന് ജുവനൈൽ ജസ്റ്റിസ് പ്രകാരം 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
2.5 ലക്ഷം രൂപ പിഴ ഈടാക്കി.വാഹന ഉടമക്കെതിരെയും രക്ഷിതാക്കൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും കൂളിംഗ് ഫിലിം ഒട്ടിച്ചതിനും ജൂൺ മാസത്തിൽ മാത്രം ആയിരത്തിൽ അധികം കേസ് രജിസ്റ്റർ ചെയ്തതിൽ 1.84 ലക്ഷം രൂപ പിഴ ഈടാക്കി.
ജൂൺ മാസത്തിൽ പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന 32 അമിതവേഗ കേസുകളും മദ്യപിച്ച് വാഹന ഓടിച്ചതിന് 6 കേസുകളും രജിസ്റ്റർ ചെയ്തു.2022 ൽ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിതിയിൽ 143 വാഹന അപകടങ്ങളിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്.
ഇത്തരം അപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തിലാണ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. 2023 ജൂലായ് വരെ 40 അപകടവും രണ്ട് മരണവും മാത്രമാണുണ്ടായത്.ലൈസൻസ് ഇല്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും അപകടവും മരണവും ഇല്ലാതിരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടി ശക്തമാക്കും.- ശികുമാർ,എസ്. എച്ച്. ഒ ചെർപ്പുളശ്ശേരി.