‘അഞ്ചലിന്റെ കുറ്റാലം’ ഇനി ടൂറിസം ഭൂപടത്തിൽ

അഞ്ചൽ: ‘അഞ്ചലിന്റെ കുറ്റാലം’ എന്നറിയപ്പെടുന്ന ഏരൂർ ഗ്രാമപഞ്ചായത്തിലെ ഓലിയരുക് വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിലേക്ക്. ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം ഡിപ്പാർട്ടുമെന്റ് 45 ലക്ഷം രൂപ മുടക്കി അമിനിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കി.
വിശാലമായ ഹാൾ, ഓഫീസ്, ചുറ്റും സിറ്റൗട്ട്, അടുക്കളകൾ, സ്റ്റോർ റൂം, പ്രത്യേകം ടോയ്‌ലെറ്റ് ബ്ലോക്കുകൾ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി റോഡ് ബലപ്പെടുത്തുകയും സംരക്ഷണ വേലി, സ്റ്റെപ്പുകൾ, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള നടപടികളും സ്വീകരിച്ചു.
അഞ്ചലിന് സമീപം മാവിളയിൽ നിന്ന് നാല് കിലോമീറ്റർ ഉള്ളിലായി ഏരൂർ ഗ്രാമപഞ്ചായത്തിലെ ആർച്ചൽ ഒന്നാം വാർഡിലാണ് വെള്ളച്ചാട്ടം.പാലരുവി, കുംഭാവുരുട്ടി, കുറ്റാലം എന്നിവയോടൊപ്പം ഓലിയരുകിന്റെ ടൂറിസം സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടയ്ക്ക് നിർമ്മാണം ഇഴഞ്ഞെങ്കിലും പി.എസ്.സുപാൽ എം.എൽ.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയനും ടൂറിസം വകുപ്പ് മന്ത്രി, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് തടസങ്ങൾ നീങ്ങിയത്.
പത്ത് ദിവസത്തിനകം നിർമ്മാണം പൂർത്തീകരിച്ച് പി.എസ്.സുപാൽ എം.എൽ.എയുടെ സഹകരണത്തോടെ ടൂറിസം മന്ത്രിയെ പങ്കെടുപ്പിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും.