പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റു; ബാർ ജീവനക്കാരൻ അറസ്റ്റിൽ

കാഞ്ഞാണി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റ ബാർ ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ കാഞ്ഞാണി സിൽവർ റസിഡൻസി ബാറിലെ ജീവനക്കാരൻ കാരമുക്ക് കടയിൽ വീട്ടിൽ ഷൈജു(52)വിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിന്ന് പോയ വിദ്യാർഥിയെ സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യപിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ അന്തിക്കാട് പൊലീസിൽ പരാതി നൽകി. മദ്യം ആവശ്യപ്പെട്ട് എത്തിയ വിദ്യാർഥിക്ക് ലോക്കൽ കൗണ്ടറിൽ നിന്ന് ബാർ ജീവനക്കാരൻ മദ്യം കൊടുത്തുവിടുകയായിരുന്നു.
അബ്കാരി നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. ഇൻസ്പെക്ടർ പി.കെ. ദാസ്, എ.എസ്.ഐ എം.കെ. അസീസ്, സി.പി.ഒ സുർജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.