യാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം: സ്വിഫ്റ്റ് കണ്ടക്ടർ അറസ്റ്റിൽ

ആലുവ: തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കു പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ കണ്ടക്ടർ നെയ്യാറ്റിൻകര മാത്താംകര ചെങ്കൽ ഏദൻ വില്ലയിൽ ജസ്റ്റിൻ (42) ആണ് അറസ്റ്റിലായത്.
കഴക്കൂട്ടത്ത് നിന്ന് കയറിയ യാത്രക്കാരിയെ സീറ്റ് ഉണ്ടായിരുന്നിട്ടും അവ ബുക്കിംഗ് ഉള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ടക്ടറുടെ അടുത്ത സീറ്റിൽ വിളിച്ചിരുത്തുകയായിരുന്നു. കണ്ടക്ടർ ശല്യം ചെയ്യാൻ തുടങ്ങിയതോടെ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്ന ശേഷം സ്ത്രീ വിവരം ഭർത്താവിനെ ഫോണിൽ അറിയിച്ചു.
ബസ് ആലുവയിൽ എത്താറായപ്പോഴേക്കും ഡ്രൈവറോട് സ്ത്രീ വിവരം പറഞ്ഞു. അപ്പോഴാണ് മറ്റു യാത്രക്കാരും സംഭവമറിഞ്ഞത്.യാത്രക്കാരും നടപടി ആവശ്യപ്പെട്ടതോടെ ഡ്രൈവർ ബസ് ആലുവ ഡിപ്പോയിലെത്തിച്ചു. ആലുവ പൊലീസ് എത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.
കെ.എസ്.ആർ.ടി.സി ജീവനക്കാരനായ കണ്ടക്ടർ സ്വിഫ്റ്റ് ബസിൽ സ്റ്റാഫ് ഇല്ലാത്തതിനാലാണ് ഡ്യൂട്ടിക്കെത്തിയത്.ആലുവയിൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാനാണ് കഴക്കൂട്ടം സ്വദേശിനി എത്തിയത്.