മോഷ്ടാക്കൾക്ക് തടയിടാൻ കൈകോർത്ത് പോലീസും വ്യാപാരികളും

Share our post

പയ്യന്നൂർ : കനത്ത മഴയുടെ മറവിലിറങ്ങുന്ന മോഷ്ടാക്കൾക്ക് തടയിടാൻ കൈകോർത്ത് പയ്യന്നൂരിലെ വ്യാപാരികളും പോലീസും.പയ്യന്നൂരിലെ മർച്ചന്റ് യൂത്ത് വിങ് പ്രവർത്തകരാണ് പോലീസിനൊപ്പം രാത്രിയിൽ നഗരത്തിന്റെ കാവൽക്കാരാകുന്നത്.

മഴക്കാലം സാധാരണയായി വ്യാപാരികളുടെ ഉറക്കം കെടുത്തുന്ന നാളുകളാണ്.കോരിച്ചൊരിയുന്ന മഴയെ അനുകൂല ഘടകമാക്കിയാണ് മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്താറുള്ളത്.

ഇത് മുൻകൂട്ടിക്കണ്ടാണ് മർച്ചന്റ് യൂത്ത് വിങ് പ്രവർത്തകർ പോലീസിനൊപ്പം നൈറ്റ് പട്രോളിങ് നടത്തുന്നത്.മർച്ചന്റ് യൂത്ത് വിങ് പ്രവർത്തകരുടെ വാഹനമാണ് ഇതിനായി ഇവർ ഉപയോഗിക്കുന്നത്. ഇവർക്കൊപ്പം പോലീസുമുണ്ട്.

ജനസഞ്ചാരം കുറയുന്ന രാത്രി പത്തരമുതൽ പുലർച്ചെ മൂന്നരവരെയാണ് ഇവർ വ്യാപാരസ്ഥാപനങ്ങൾക്കും നഗരത്തിനും കാവലാളായി മാറുന്നത്.കൊറ്റി, കേളോത്ത്, പയ്യന്നൂർ ടൗൺ, മാവിച്ചേരി, കണ്ടങ്കാളി, കണ്ടോത്ത്, പെരുമ്പ തുടങ്ങിയ പ്രദേശങ്ങൾ ഇവരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

വ്യാപാരമേഖലയിലുള്ളതിനാൽ അസമയത്ത് കാണുന്ന നാട്ടുകാരെ ഇവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചെറിയ മോഷണങ്ങൾ ഇവരുടെ നിരീക്ഷണപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലായിരുന്നുവെന്നത് മർച്ചന്റ് യൂത്ത് വിങ് പ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ 15 ദിവസമായി ഇവർ രംഗത്തുണ്ട്.മർച്ചന്റ് യൂത്ത് വിങ്ങിന്റെ പ്രവർത്തകർ മാറിമാറിയാണ് ഓരോ ദിവസവും കർമനിരതരായി രംഗത്തുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!