പൊലീസുകാരെ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമം: മാട്ടൂൽ സ്വദേശി പിടിയിൽ

മാട്ടൂൽ : മണൽ കടത്ത് പിടികൂടാനെത്തിയ പൊലീസുകാരെ ടിപ്പർ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മണൽ കടത്ത് സംഘാംഗമായ യുവാവ് അറസ്റ്റിൽ. മാട്ടൂൽ സൗത്ത് സ്വദേശി പുതിയങ്ങാടി ബീച്ച് റോഡിൽ താമസിക്കുന്ന ബപ്പന്റവിട മുഹമ്മദ് ഷാഫി (28)യാണ് പിടിയിലായത്. കേസിൽ ഏഴാം പ്രതിയാണ് ഇയാൾ. പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞ എപ്രിൽ പത്തിന് പുലർച്ചെ 3.35 ഓടെ പഴയങ്ങാടി ബസ്‌സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം. രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന ഗ്രേഡ് എസ്.ഐ ഗോപിനാഥനെയും സംഘത്തെയുമാണ് മണൽ കടത്ത് സംഘം ആക്രമിച്ചത്. പൊലീസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പിൽ നമ്പർ പ്ലേറ്റ് പതിക്കാത്ത ടിപ്പർലോറി ഇടിക്കുകയായിരുന്നു. പല തവണ ജീപ്പിനിടിച്ചു.പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് ടിപ്പർലോറി ജീപ്പിൽ ഇടിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. ജീപ്പ് ഭാഗികമായി തകർന്നു.