‘പുതപ്പുകൊണ്ട് പുതച്ചായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ, ആ കാഴ്ച ഭയാനകമായിരുന്നു’; കാരണം തേടി പോലീസ്

Share our post

മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിൽ വാടകവീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. മൃതദേഹ പരിശോധനാഫലവും ഇത് ശരിവെക്കുന്നു.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്ത സാഹചര്യത്തിൽ മരണകാരണം വ്യക്തമായിട്ടില്ല. മക്കളുടെ ഗുരുതരരോഗമാണ് ജീവനൊടുക്കാൻ കാണമെന്നാണ് ബന്ധുക്കളുൾപ്പെടെ പറയുന്നത്. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ട്കുന്നുമ്മൽ സബീഷ്(37), ഭാര്യ കണ്ണൂർ തളിപ്പറമ്പ് വരഡൂൽ സ്വദേശി ചെക്കിൽ ഷീന(38), മക്കളായ ഹരിഗോവിന്ദ്(ആറ്), ശ്രീവർദ്ധൻ(രണ്ടര) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം

മലപ്പുറം വാറങ്കോട്ടുള്ള എസ്.ബി.ഐ.യുടെ വായ്പകൾ പരിശോധിക്കുന്ന ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു ഷീന. കഴിഞ്ഞദിവസം മാനേജരായി സ്ഥാനക്കയറ്റംകിട്ടി കണ്ണൂരിലെ ഏഴിമല ശാഖയിൽ ചുമതലയേറ്റിരുന്നു. സബീഷും ഷീനയും അടുത്തടുത്ത മുറികളിൽ ഫാനിൽത്തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷ് മരിച്ചമുറിയിൽ കട്ടിലിലായിരുന്നു ശ്രീവർദ്ധന്റെ മൃതദേഹം. ഹരിഗോവിന്ദന്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു.

വ്യാഴാഴ്ച പകൽ സബീഷും ഷീനയും അവരുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു. ഇരുവരുടെയും സംസാരത്തിൽ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്ന് അവർ പറയുന്നു. മൂത്തമകൻ ഹരിഗോവിന്ദിന് ഗുരുതരരോഗം സ്ഥിരീകരിച്ചിരുന്നു. അതിന്റെ ചികിത്സയുമായി മുന്നോട്ടുപോകുമ്പോഴാണ് ഇളയ മകൻ ശ്രീവർദ്ധനും സമാന ലക്ഷണങ്ങൾ കണ്ടെത്തിയത്.

ഇളയ കുട്ടിയുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നൂവെന്ന് കരുതുന്നു. രാത്രി കുടുംബക്കാർ ഷീനയെ ഫോണിൽവിളിച്ച്‌ കിട്ടാതായതിെനത്തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയിൽ വീട്ടിനകത്ത് മൃതദേഹങ്ങൾ കണ്ടെത്തി. അകത്തു നിന്നു പൂട്ടിയിരുന്ന അടുക്കളവാതിൽ പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. മുൻവശത്തെ വാതിലും അകത്തുനിന്ന് പൂട്ടിക്കിടന്നതിനാൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അനുമാനം.

വീട് മാറാൻഒരുങ്ങുന്നതിനിടെ…

കണ്ണൂർ ഏഴിമല എസ്.ബി.ഐ. ബ്രാഞ്ച് മാനേജരായി കഴിഞ്ഞദിവസം ഷീന ചുമതലയെടുത്തതിനെത്തുടർന്ന് മലപ്പുറത്തുനിന്ന് താമസംമാറാൻ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് നാടിനെ ഞെട്ടിച്ച കൂട്ടമരണം നടന്നത്. വീട്ടിൽ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും അടുക്കിവെച്ചനിലയിലാണ്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. കുട്ടിയുടെ വിടുതൽ സർട്ടിഫിക്കറ്റ് സ്കൂളിൽനിന്ന് കഴിഞ്ഞദിവസം വാങ്ങിയിരുന്നു.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം രാവിലെ പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. രണ്ടോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി നാലു മൃതദേഹങ്ങളും ഷീനയുടെ നാടായ കണ്ണൂർ തളിപ്പറമ്പിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദർശനത്തിനുവെച്ചശേഷം രാത്രി മൃതദേഹങ്ങൾ സബീഷിന്റെ നാടായ കോഴിക്കോട് കുറ്റിക്കാട്ടൂരിലെത്തിച്ചു. ശവസംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിനു വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

കാരാട്ട്കുന്നുമ്മൽ ബാബുവിന്റെയും വസന്തയുടെയും മകനാണ് സബീഷ്. സുബിത, ബബിത, പരേതയായ സബിത എന്നിവർ സഹോദരങ്ങളാണ്.

ചെക്കിൽ നാരായണന്റെയും ജാനകിയുടെയും മകളാണ് ഷീന. സഹോദരങ്ങൾ: അഡ്വ. സതീശൻ(പബ്ലിക് പ്രോസിക്യൂട്ടർ, കണ്ണൂർ), സോന (കെ.എസ്.ആർ.ടി.സി. ക്ലാർക്ക്, കണ്ണൂർ).

‘ആ കാഴ്ച ഭയാനകമായിരുന്നു’

മലപ്പുറം: രാത്രി 12-ഓടെയാണ് മലപ്പുറം പോലീസും പോലീസ് ട്രോമാകെയർ വൊളന്റിയർമാരും മുണ്ടുപറമ്പ് മൈത്രിനഗറിലെ സബീഷിന്റെ വീട്ടിലെത്തിയത്. വീട്ടിൽ ആളനക്കം കാണാതായപ്പോൾ എസ്.ഐ. വേലായുധനും സി.പി.ഒ. ജിജിനും അടുക്കളയുടെ വാതിലിന്റെ ലോക്ക് തകർത്ത് അകത്തുകയറി. വീടിനകത്ത് ഈ സമയം വെളിച്ചമുണ്ടായിരുന്നു.

വീടിനകത്തു കണ്ട കാഴ്ച ഭയാനകമായിരുന്നുവെന്ന് ട്രോമാകെയർ വൊളന്റിയർ പറമ്പൻ കുഞ്ഞു പറഞ്ഞു. സബീഷ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ. മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവർ അതേ മുറിയിൽ രണ്ടു കിടക്കകളിലായി മരിച്ചുകിടക്കുന്നു. ഭാര്യ ഷീന അടുത്ത മുറിയിലും തൂങ്ങിയ നിലയിൽ.

‘കുട്ടികൾ മരിച്ചുകിടക്കുന്ന രംഗം മനസ്സിനെ വല്ലാതെ ഉലച്ചു. പുതപ്പുകൊണ്ട് പുതച്ചായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. ആത്മഹത്യയാണ് എന്ന സംശയത്തിൽ പോലീസും ഞങ്ങളും വീട്‌ മുഴുവൻ ആത്മഹത്യാകുറിപ്പ് പരിശോധിച്ചു. പക്ഷേ, ഒന്നും കിട്ടിയില്ല’- കുഞ്ഞു പറഞ്ഞു. അദ്ദേഹത്തോടൊപ്പം ട്രോമാകെയറിന്റെതന്നെ വൊളന്റിയർമാരായ ഷാജി വാറങ്കോട്, മുനീർ പൊന്മള, ഇംതിയാസ് കൈനോട് എന്നിവരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ഉണ്ടായിരുന്നു.

പോലീസുദ്യോഗസ്ഥരും വൊളന്റിയർമാരും ഞെട്ടലിലായിരുന്നു കുറച്ചുനേരം. പതുക്കെ എല്ലാവരും യാഥാർഥ്യം ഉൾക്കൊണ്ട് മറ്റു നടപടിക്രമങ്ങളിലേക്ക് കടന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!