സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത

കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൂടിയ സമസ്ത യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും.
പ്രതിഷേധത്തിൽ തുരങ്കം വെക്കുന്ന നിലപാട് ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങൾ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത് . എടുത്ത് ചാട്ടത്തിന് സമസ്ത ഇല്ല. മുസ്ലീം സമൂഹം രാജ്യത്തിൻ്റെ നന്മക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.ഐ.എം നടത്തുന്ന സെമിനാറിൽ പങ്കെടുക്കണോയെന്ന സമസ്തയുടെ തീരുമാനം വരും മുൻപേ സമസ്ത പ്രതിനിധിയെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. പരിപാടിയുടെ സംഘാടക സമിതിയിൽ വൈസ് ചെയർമാനായാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ ഉൾപ്പെടുത്തിയത്.
എന്നാൽ സംഘാടക സമിതിയിൽ തന്നെ ഉൾപ്പെടുത്തിയത് അറിഞ്ഞില്ലെന്ന് മുസ്തഫ മുണ്ടുപാറ പ്രതികരിച്ചിരുന്നു. തന്നോട് ചോദിക്കാതെയാണ് വൈസ് ചെയർമാനാക്കിയതെന്ന് മുസ്തഫ പറഞ്ഞു. വാർത്തകളിലൂടെയാണ് ഇക്കാര്യം മുസ്തഫ അറിഞ്ഞത്.
ജൂലൈ 15നാണ് സി.പി.ഐ.എം കോഴിക്കോട് സെമിനാർ സംഘടിപ്പിക്കുന്നത്. എഴുത്തുകാരൻ കെ. പി രാമനുണ്ണിയാണ് സംഘാടക സമിതി ചെയർമാൻ. ഹജ്ജ് കമ്മിറ്റി അംഗവും കെ.എൻ.എം മർകസുദ്ദഅവ നേതാവുമായ ഐ.പി അബ്ദുൽ സലാമും സംഘാടക സമിതിയിലുണ്ട്.