സിനിമാ സെറ്റിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ്; സ്വാഗതം ചെയ്ത് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: സിനിമാ സെറ്റുകളില്‍ സഹായികളായും മറ്റുമെത്തുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഹരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം.
ഇതുസംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ നല്‍കിയ കത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.
സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും സഹായികള്‍ എത്തുന്നുണ്ട്. ലൊക്കേഷനുകളില്‍ സഹായികളായി എത്തുന്നവരുടെ ഇവരുടെ വിവരം ആര്‍ക്കും ലഭ്യമല്ല. ഈ പശ്ചാത്തലത്തില്‍ അതാത് സ്റ്റേഷനുകളില്‍ നിന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കമ്മിഷണറുടെ കത്തിലെ നിര്‍ദേശം.
ഇതിനെ അനുകൂലിച്ചുകൊണ്ട് നിര്‍മാതാക്കള്‍ കമ്മിഷണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചേരുന്ന യോഗം നിര്‍ദേശം നടപ്പില്‍വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും.
താരങ്ങളുടെ സംഘടനയായ അമ്മയെയും സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയെയും വിവരം അറിയിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.