തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നിലെ അപകട ഡിവൈഡര്‍ നഗരസഭ പൊളിച്ചുനീക്കി

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ദേശിയ പാതയിലുള്ള അപകട ഡിവൈഡര്‍ നഗരസഭ ഇടപെട്ട് പൊളിച്ചുനീക്കി. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒട്ടേറെ അപകടങ്ങള്‍ക്ക് ഇടയാക്കിയ ഡിവൈഡര്‍ ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.
അപകടം തുടര്‍കഥയായ ഇവിടെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുചക്രവാഹനലോഡുമായി പോവുകയായിരുന്ന രാജസ്ഥാന്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറി ഡിവൈഡര്‍ ഭാഗികമായി ഭാഗികമായി തകര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നാണ് അപകട ഡിവൈഡര്‍ ഉടന്‍ നീക്കണമെന്ന ആവശ്യം ശക്തമായത് – കണ്ണൂരില്‍ നിന്നും മാഹി ഭാഗത്തേക്ക് നീളുന്ന ദേശിയ പാതയില്‍ ഏറ്റവും ഇടുങ്ങിയ സ്ഥലത്താണ് വാഹനങ്ങളെ ഇരുവശത്തേക്കുമായി പകുത്ത് വിടാനായി ഡിവൈഡര്‍ സ്ഥാപിച്ചിരുന്നത്.അശാസ്ത്രിയമായും നിര്‍ദ്ദിഷ്ട അളവിലുമായല്ല ഇത് പണിതതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളതടക്കം ചെറുതും വലുതുമായ വാഹനങ്ങള്‍ രാപകലില്ലാതെ തലങ്ങും വിലങ്ങും ചീറി ഓടുന്ന റോഡിലെ ഡിവൈഡറില്‍ അപകട സൂചനാ ബോര്‍ഡോ, സ്റ്റിക്കറുകളോ, റിഫ്‌ളക്ടരുകളോ കാണാനില്ല – ഒരു വാഹന അപകട മരണം ഉള്‍പ്പെടെ സംഭവിച്ചിട്ടും അധികൃതര്‍ അനങ്ങിയില്ല.
ദേശിയ പാതയില്‍ ഇത്തരം ഒരു അശാസ്ത്രീയ ഡിവൈഡര്‍ സ്ഥാപിച്ചതിനെ വാഹന ഡൈവര്‍മാരും പൊതുജനവും ഏറെ വിമര്‍ശിച്ചിരുന്നു. കാലവര്‍ഷം തുടങ്ങിയതോടെ ഇവിടെ അപകട സാധ്യത കൂടി – ഇതു കൂടി പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ദേശിയ പാതയിലിറങ്ങി ഡിവൈഡര്‍ പൊളിച്ചുമാറ്റാന്‍ നഗരസഭ തയ്യാറായത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ക്ലീന്‍ സിറ്റി മാനേജര്‍ കൂടിയായ നഗരസഭാ ഹെല്‍ത്ത് സുപ്പര്‍വൈസര്‍ കെ. പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനില്‍ കുമാര്‍ വിലങ്ങാട് എന്നിവരുടെ നേതൃത്വത്തിലാണ് ഡിവൈഡര്‍ പൊളിച്ചു മാറ്റിയത്.