മെറിറ്റ് ക്വാട്ടയിലുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ രാവിലെ പത്ത് മുതൽ : വേക്കൻസി ലിസ്റ്റ് വന്നു

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്.
ഇത് പ്രകാരമുള്ള അപേക്ഷ സമർപ്പണം ഇന്ന് രാവിലെ 10മണി മുതൽ ഓൺലൈനായി ആരംഭിക്കും. വേക്കൻസി ലിസ്റ്റ് കൃത്യമായി പരിശോധിച്ചു വേണം അപേക്ഷ സമർപ്പിക്കാൻ.
ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കുമാണ് അവസരം. ഇനിയൊരു അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കില്ല എന്ന ഓർമ്മ വേണം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ നൽകാം. വിശദവിവരങ്ങൾ നാളത്തെ വിജ്ഞാപനത്തിൽ ഉണ്ട്. അപേക്ഷ സമർപ്പണം പൂർത്തിയായാൽ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും’