കൊച്ചിയിൽ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാനം അടുത്ത മാസംമുതൽ

കൊച്ചി : വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിക്കും കൊച്ചിക്കുമിടയിൽ വിയറ്റ്ജെറ്റ് വിമാനങ്ങളുടെ നേരിട്ടുള്ള സർവീസ് ആഗസ്ത് 12-ന് തുടങ്ങും. ഇന്ത്യക്കും വിയറ്റ്നാമിനും ഇടയിൽ ആഴ്ചയിൽ 32 വിമാനങ്ങൾവരെയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം, സാമ്പത്തിക – വ്യാപാര ബന്ധങ്ങൾ എന്നിവ വർധിക്കും.
കൊച്ചിക്കും ഹോചിമിൻ സിറ്റിക്കുമിടയിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായി നാല് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വിയറ്റ്നാം അംബാസഡർ ന്യൂയെൻ തങ് ഹായ്, വിയറ്റ്ജെറ്റ് വൈസ് പ്രസിഡന്റ് ഓഫ് കൊമേഴ്സ് ജെയ് എൽ ലിംഗേശ്വര എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ വർഷം അഞ്ചുമാസംകൊണ്ട് ഇന്ത്യയിൽനിന്ന് 1,41,000 സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയത്. ഇത് ഒരുവർഷംകൊണ്ട് അഞ്ചുലക്ഷമെത്തുമെന്നാണ് പ്രതീക്ഷ. 2022-ൽ ഇന്ത്യയിൽനിന്നുള്ള വിയറ്റ്നാം സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിച്ച് 1,37,900ത്തിൽ എത്തി.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു ഭാഗത്തേക്കുള്ള 5555 രൂപമുതലുള്ള നിരക്കും ബിസിനസ്, സ്‌കൈബോസ് ടിക്കറ്റുകൾക്കുള്ള ഡിസ്‌കൗണ്ട് നിരക്കും അവതരിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ www.vietjetair.com ൽ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയും മുൻ അംബാസഡറുമായ വേണു രാജാമണി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രതിനിധി മനു ഗോപാലകൃഷ്‌ണപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.